southwest-airline

TOPICS COVERED

 അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്‍റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുൻകൂട്ടി പണം നൽകേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തിൽ വരും.

അധിക സീറ്റിന് മുൻകൂറായി പണം നൽകേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോൾ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിൽ മാത്രമേ പണം തിരികെ നൽകുകയുള്ളൂവെന്നും സൗത്ത്‌വെസ്റ്റ് എയർലൈൻസ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

അമേരിക്കയിലെ മറ്റ് ചില എയർലൈനുകളായ ഫ്രോണ്ടിയർ എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് എന്നിവർക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയിൽ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കിൽ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ 43 ശതമാനം ആളുകളും അമിതവണ്ണമുള്ളവരാണെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നത്.

വിമാനക്കമ്പനികൾ ഇത്തരം നയങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നതും ഈ കണക്കുകളാണ്. അധിക സീറ്റ് ആവശ്യമുള്ള ഒരു യാത്രക്കാരൻ മുൻകൂട്ടി വാങ്ങുന്നില്ലെങ്കിൽ, പുതിയ നയമനുസരിച്ച് വിമാനത്താവളത്തിൽ നിന്ന് ഒരെണ്ണം വാങ്ങേണ്ടി വരും. ആ വിമാനത്തില്‍ സീറ്റ് ഒഴിഞ്ഞിരിക്കുന്നില്ലെങ്കില്‍ യാത്രക്കാരനെ പുതിയ വിമാനത്തിലേക്ക് മാറ്റും. വിമാനത്തിൽ കയറിയ ശേഷം യാത്രക്കാർക്ക് സ്വന്തം സീറ്റ് തിരഞ്ഞെടുക്കാൻ അവസരമൊരുക്കുകയും, ബാഗുകൾ സൗജന്യമായി കൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്തിരുന്ന സൗത്ത്‌വെസ്റ്റിൽ വന്ന ഏറ്റവും പുതിയ മാറ്റമാണിത്. ഈ സൗജന്യ ബാഗ് നയം കഴിഞ്ഞ മേയ് മാസത്തിൽ അവസാനിച്ചിരുന്നു. ഈ നിയമം വലിയ തോതിലുള്ള പ്രതിഷേധത്തിനാണ് സാഹചര്യമൊരുക്കുന്നത്. സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് ഉള്‍പ്പെടെ ഈ നിയമത്തിനെതിരെ രംഗത്തുവന്നു. പുതിയ നിയമം എല്ലാവർക്കും മോശം യാത്രാനുഭവമായിരിക്കും നല്‍കുകയെന്നും ഇവര്‍ പറയുന്നു. അതേസമയം വിമാനക്കമ്പനി അടുത്തിടെയായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ലാഭവും വരുമാനവും വർദ്ധിപ്പിക്കാനുള്ള പുതിയ അടവാണെന്നും ആക്ഷേപമുണ്ട്.

ENGLISH SUMMARY:

Airline seat policy changes are causing controversy due to new rules requiring overweight passengers to pay for extra seats. The new policies could impact travel experiences and may be linked to airline's financial struggles.