കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും . നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് സച്ചിന്റെ മരണവിവരം ബന്ധുക്കൾ അറിഞ്ഞത്.
31 കാരനായ സച്ചിൻ അഞ്ചുമാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. ബുധനാഴ്ച വൈകിട്ട് വരെ അമ്മയുമായി സച്ചിൻ ഫോണിൽ സംസാരിച്ചിരുന്നു. കുവൈത്തിൽ വിഷ മദ്യ ദുരന്തത്തെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞെന്നും അതിലേക്ക് ചെന്ന് പെടരുതെന്നും അമ്മ മകനോട് പറഞ്ഞു. പക്ഷേ, മകൻ്റെ ജീവൻ അതേ ദുരന്തം അടുത്ത മണിക്കൂറുകളിൽ കവരുമെന്ന് ആരും കരുതിയില്ല.
കുവൈത്തിൽ ഹോട്ടലിൽ കാഷ്യര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു സച്ചിൻ.വിവാഹം കഴിഞ്ഞിട്ട് ആറുവർഷം ആകുന്നതേയുള്ളൂ. മകൾക്ക് അഞ്ചു വയസ്സ് പ്രായമുണ്ട്. തീരാ ദുഖത്തിലാണ് വീടും നാടും. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ