ഗാസയിലെ കുട്ടികളുടെ ദുരിതം നേരിൽ കാണാനും അവർക്ക് ആശ്വാസം നൽകാനും ലിയോ പതിനാലാമന്‍ മാര്‍പാപ്പ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ലോകപ്രശസ്ത പോപ്പ് ഗായിക മഡോണ. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മഡോണ ഈ അഭ്യർത്ഥന നടത്തിയത്. "അങ്ങേക്ക് മാത്രമേ അവിടെ പ്രവേശനം നിഷേധിക്കപ്പെടാതിരിക്കൂ. ഒരമ്മ എന്ന നിലയിൽ എനിക്ക് ഈ വേദന സഹിക്കാനാവുന്നില്ല. മഡോണ കുറിച്ചു.
"ഏറ്റവും വിശുദ്ധനായ പിതാവേ, ദയവായി ഗാസയിലേക്ക് പോകുക, കാലം വൈകും മുൻപ് അവിടുത്തെ കുട്ടികൾക്ക് അങ്ങയുടെ വെളിച്ചം പകരുക, ലോകത്തിലെ എല്ലാ കുട്ടികളും എല്ലാവർക്കും അവകാശപ്പെട്ടതാണ്. അങ്ങ് മാത്രമാണ് അവിടെ പ്രവേശനം നിഷേധിക്കപ്പെടാത്ത ഏക വ്യക്തി. ഈ നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കാൻ മാനുഷിക സഹായത്തിനുള്ള വഴികൾ പൂർണ്ണമായി തുറക്കണം,ഇനിയും സമയമില്ല. ദയവായി പോകുമെന്ന് പറയുക.സ്നേഹത്തോടെ, മഡോണ." " മഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. "
ഗാസയിൽ സഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ കടുത്ത സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് മഡോണയുടെ ഈ ഇടപെടൽ. അതേസമയം, ഗാസയിൽ ക്ഷാമമില്ല എന്നാണ് ഇസ്രായേൽ നിലപാട്. എന്നാൽ, യുഎൻ ഏജൻസികൾക്ക് വേണ്ടത്ര സഹായം എത്തിക്കാൻ സാധിക്കുന്നില്ലെന്നും അതിർത്തിയിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അടുത്തിടെ ഗാസയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്രായേലി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് ശേഷം വെടിനിർത്തലിന് പോപ് വീണ്ടും ആഹ്വാനം ചെയ്തിരുന്നു. മാനുഷിക നിയമങ്ങൾ പാലിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും കൂട്ടായ ശിക്ഷാവിധികൾ ഒഴിവാക്കാനും അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അന്ന് ആവശ്യപ്പെട്ടിരുന്നു.
ഗാസയിലെ യുദ്ധം തുടങ്ങിയത് മുതൽ പല വേദികളിലും മഡോണ പലസ്തീന് വേണ്ടി സംസാരിച്ചിട്ടുണ്ട്. 2023-ൽ ലണ്ടനിലെ O2-ൽ നടന്ന സംഗീത പരിപാടിക്കിടെയും അവർ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു
തന്റെ മകൻ റോക്കോയുടെ ജന്മദിനമാണെന്നും ഈ സാഹചര്യത്തിൽ തനിക്ക് അവന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം, യുദ്ധത്തിൽ അകപ്പെട്ട നിരപരാധികളായ കുട്ടികളെ രക്ഷിക്കാൻ എല്ലാവരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും മഡോണ തന്റെ പോസ്റ്റിൽ കുറിച്ചു. താൻ ആരുടെയും ഭാഗം ചേരുന്നില്ലെന്നും, എല്ലാവരും കഷ്ടപ്പെടുന്നുണ്ടെന്നും, ബന്ദികളുടെ അമ്മമാർക്ക് വേണ്ടിയും താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും മഡോണ വ്യക്തമാക്കി.