ആഗോളകത്തോലിക്കാ സഭയുടെ പുതിയ പാപ്പായായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കക്കാരനായ പുതിയ പാപ്പാ ലിയോ പതിനാലാമന്‍ എന്ന പേരില്‍ അറിയപ്പെടും. വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ നടന്ന നാലാം ഘട്ട വോട്ടെടുപ്പിലായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്തത്.
സിസ്റ്റീന്‍ ചാപ്പലിന്‍റെ രഹസ്യാത്മകതയില്‍ നിന്ന് പുതിയ പാപ്പായുടെ വരവറിയിച്ച് ചിമ്മിനിയില്‍ വെളുത്ത പുക. നാലു ദിക്കില്‍ നിന്നുമുള്ള 133 കര്‍ദിനാള്‍മാര്‍ നാലാം ഘട്ടത്തില്‍ ഒരുമിച്ചുകൂടി തിരഞ്ഞെടുത്തത് യുഎസിലെ ഷിക്കാഗോയില്‍ നിന്നുള്ള അറുപത്തൊന്‍പതുകാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റയെ. സഭയുടെ രാജകുമാരന്‍മാരുടെ തിരഞ്ഞെടുപ്പിന് കര്‍ദിനാള്‍ സംഘത്തിന്‍റെ ഡീനിനു മുന്നില്‍ സമ്മതമറിയിച്ചതിന് പിന്നാലെ സിസ്റ്റീന്‍ ചാപ്പലിന്‍റെ അള്‍ത്താരയുടെ ഇടതുവശത്തുള്ള കണ്ണീരിന്‍റെ മുറിയിലേക്ക്. വികാരവിക്ഷോഭങ്ങളോടെ പാപ്പാ വസ്ത്രമണിഞ്ഞു. കര്‍ദിനാള്‍മാര്‍ ആശ്ലേഷിച്ച് ആദരവര്‍പ്പിച്ച് വിധേയത്വം അറിയിച്ചു. തുടര്‍ന്ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി പ്രോട്ടോ ഡീക്കന്‍ കര്‍ദിനാള്‍ ഡൊമിനിക് മമ്പെര്‍ത്തി വിളിച്ചുപറഞ്ഞു. ഹബേമൂസ് പാപ്പാം. നമുക്കൊരു പുതിയ പാപ്പായെ ലഭിച്ചിരിക്കുന്നു.
തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്റേതുപോലെ പാരമ്പര്യത്തിനിമയോടെ പാപ്പാ വസ്ത്രം ധരിച്ച് പുതിയ ഇടയന്‍ ആഗതനായി.
ചിരിച്ച മുഖവുമായി നിറഞ്ഞ ഹൃദയവുമായി ഉര്‍ബി ഏത് ഓര്‍ബി, നഗരത്തിനും ലോകത്തിനുമുള്ള ക്രിസ്തുവിന്‍റെ പുതിയ വികാരിയുടെ ആദ്യ ആശീര്‍വാദം. സമാധാനം നിങ്ങളോടുകൂടെ... മറ്റുള്ളവരെ സഹായിക്കുക.. അതിനായി പാലങ്ങള്‍ സൃഷ്ടിക്കുന്നവരാവുക.
അഗസ്തീനിയന്‍ സഭക്കാരനായ പുതിയ പാപ്പാ അധികാരമേല്‍പ്പിച്ചിരുന്ന പെറു രൂപതയിലെ വിശ്വാസികളെ ഓര്‍ത്തു പ്രാര്‍ഥിച്ചു അവര്‍ക്ക് നന്ദി പറഞ്ഞു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് വിശ്വാസികളെ ആദ്യം ഇറ്റാലിയനിലും തുടര്‍ന്ന് സ്പാനിഷിലുമായി അഭിസംബോധന. കര്‍ദിനാള്‍ പദവിയിലെത്തി ഒരുവര്‍ഷവും ഏഴ് മാസവും മാത്രം പിന്നിടുമ്പോഴാണ് റോമിന്‍റെ മെത്രാനായി വലിയ ഇടയനായി ചിരിയോടെ ലിയോ പതിനാലാമന്‍ സ്ഥാനാരോഹിതനാകുന്നത്്.
അങ്ങനെ, ക്രിസ്തുവിന്‍റെ പ്രിയശിഷ്യനായിരുന്ന പത്രോസിന്‍റെ സിംഹാസനത്തിലേക്ക് വലിയ മുക്കുവനായി, ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്ന് ഭൂമിയുടെ ധാര്‍മിക ശബ്ദമാകാന്‍ ലിയോ പതിനാലാമന്‍റെ പുതിയ യാത്രയ്ക്ക് തുടക്കം.