വിസിറ്റ് വീസയിൽ മകൾക്കും പേരകുട്ടിക്കുമൊപ്പം തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ സ്ത്രീയെ യാത്രാവിലക്കുണ്ടെന്ന് പറഞ്ഞു വിമാനക്കമ്പനി തിരിച്ചയച്ചു. അതേസമയം, ഒപ്പമുണ്ടായിരുന്ന മകൾക്കും കുട്ടിക്കും യാത്ര ചെയ്യാൻ അനുവാദവും നൽകി. പിന്നീട് മറ്റൊരു വിമാനത്തിൽ ഇതേ സ്ത്രീ യുഎഇയിലെത്തിയതോടെയാണ് എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ എയർലൈൻസിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8:30-നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി ആബിദാ ബീവിക്കാണ് എയർഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്തുനിന്നും ദുരനുഭവം നേരിട്ടത്. എമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ ഒരുങ്ങുമ്പോഴാണ് എയർലൈൻ ജീവനക്കാർ തടഞ്ഞത്. ആബിദാബീവിക്ക് അബുദാബിയിൽ യാത്രാവിലക്കുണ്ടെന്നായിരുന്നു ജീവനക്കാർ നൽകിയ മറുപടി.
എല്ലാവരുടെയും യാത്ര മുടങ്ങുമെന്ന അവസ്ഥ വന്നതോടെ മകൾ ജാസിൻ ഉമ്മയെ നാട്ടിലാക്കി പേരക്കുട്ടിയോടൊപ്പം യുഎഇയിലേക്ക് യാത്ര തിരിച്ചു. അബുദാബിയിൽ ഇറങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിൽ ആബിദാബീവിക്ക് യാത്രാവിലക്കില്ലെന്ന് വ്യക്തമായതായി ജാസിൻ പറയുന്നു. ഇതിനിടെ, ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ ആബിദാബീവി ഷാർജയിലെത്തുകയും ചെയ്തു.
യാത്രാവിലക്കുണ്ടായിരുന്നെങ്കിൽ എങ്ങനെ മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനായി എന്നാണ് കുടുംബം ഉയർത്തുന്ന ചോദ്യം. സംഭവത്തെക്കുറിച്ച് എയർഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കോൾ സെന്ററിൽ വിളിച്ചപ്പോഴും കൃത്യമായ പ്രതികരണം ലഭിച്ചില്ല. തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു.