ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയെന്ന യുഎസ് പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരെ അമേരിക്കന്‍ എഐ ടീം. ട്രംപിന്‍റെ അവകാശവാദവും ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള വ്യാപകമായ പ്രഖ്യാപനവും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് അമേരിക്കയിലെ തന്നെ നിർമ്മിത ബുദ്ധി പ്ലാറ്റ്‌ഫോമുകളുടെ പ്രതികരണം. അഞ്ച് പ്രമുഖ അമേരിക്കൻ എഐ പ്ലാറ്റ്‌ഫോമുകളായ ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, മെറ്റാ എഐ, കോപൈലറ്റ് എന്നിവയോട് എന്‍ഡിടിവി ചോദിച്ച ചോദ്യത്തിനുള്ള മറുപടികളാണ് ട്രംപിന്റെ പ്രസ്താവനകളെ വേരോടെ പിഴുതെറിയുന്നത്.
‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മരിച്ചോ?’ എന്ന ചോദ്യമായിരുന്നു ഈ അഞ്ചു പ്ലാറ്റ്ഫോമുകളിലും ചോദിച്ചത്. അവയുടെ പ്രതികരണങ്ങൾ ട്രംപിന്റെ വാദത്തെ ഒരേപോലെ നിഷേധിക്കുന്നതായിരുന്നു. ‘ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മരിച്ചില്ലെന്നു മാത്രമല്ല. അത് ചലനാത്മകമാണ്. അത് അഭിലാഷപൂർണ്ണമാണ് എന്നായിരുന്നു ചാറ്റ് ജിപിടിയുടെ മറുപടി. ‘ഇല്ല, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മരിച്ചില്ല. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി അത് തുടരുകയാണ്–എന്നായിരുന്നു ഗ്രോക്കിന്‍റെ മറുപടി.
‘ശക്തമായ വളർച്ചയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷത’ എന്ന കൂള്‍ മറുപടിയാണ് ജെമിനി നല്‍കിയത്. ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മരിച്ചിട്ടില്ല. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് എന്ന് മെറ്റാ എഐ തലയാട്ടി സമ്മതിച്ചു. കോപൈലറ്റ് കാര്യങ്ങള്‍ കൂടുതൽ തുറന്നുപറഞ്ഞു, ‘മരിക്കാനോ? അതിനോട് അടുത്തുപോലുമില്ല. വാസ്തവത്തിൽ, ഇത് തികച്ചും വിപരീതമാണ്’ എന്ന് കോപൈലറ്റ് നിസംശയം പറഞ്ഞു.
ട്രംപ് ഇന്ത്യയെക്കുറിച്ചുള്ള വിമർശനം കടുപ്പിക്കുകയും മോസ്കോയുമായുള്ള ഡൽഹിയുടെ വ്യാപാരബന്ധത്തെ ലക്ഷ്യമിടുകയും ചെയ്തപ്പോഴാണ് എഐ വിധികൾ പുറത്തുവന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കുന്നതും റഷ്യൻ ക്രൂഡ് ഓയിലും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട പിഴയും പ്രഖ്യാപിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടിരുന്നു. ‘ഇന്ത്യ റഷ്യയുമായി എന്തുചെയ്യുന്നു എന്നത് എനിക്കൊരു പ്രശ്നമല്ല. എന്നെ സംബന്ധിച്ചിടത്തോളം, അവർക്ക് അവരുടെ മരിച്ച സമ്പദ്‌വ്യവസ്ഥകളെ ഒരുമിച്ച് താഴ്ത്താം. ഞങ്ങൾ ഇന്ത്യയുമായി വളരെ കുറഞ്ഞ വ്യാപാരം മാത്രമേ ചെയ്തിട്ടുള്ളൂ, അവരുടെ തീരുവകൾ വളരെ കൂടുതലാണ്, ലോകത്തിൽ ഏറ്റവും ഉയർന്നവയിൽ ഒന്നാണ്’ –ഇതായിരുന്നു ട്രംപിന്റെ പോസ്റ്റ്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവര്‍ ട്രംപിന്റെ വാദം തള്ളി രംഗത്തെത്തി, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ പരാമർശത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിന്തുണച്ചു, ഈ അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പദ് രീതിക്കെതിരെയാക്കി മാറ്റാനാണ് രാഹുല്‍ ശ്രമിച്ചത്. ട്രംപ് പറഞ്ഞത് ശരിയാണെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ എല്ലാവർക്കും ഇത് അറിയാമെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒരു മരിച്ച സമ്പദ്‌വ്യവസ്ഥയാണും ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരേയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.