രണ്ട് ആമകളെ പഞ്ഞിയിൽ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഫ്ളോറിഡ സ്വദേശിനി അറസ്റ്റിൽ. മിയാമി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് യുവതി കുടുങ്ങിയത്. ഇവരുടെ പേര് വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആമകളെ ബ്രായ്‌ക്കുള്ളിൽ വെച്ചായിരുന്നു യുവതിയുടെ സഞ്ചാരം.
ബ്രായ്‌ക്കുള്ളിൽ നിന്ന് പുറത്ത് എത്തിച്ചപ്പോഴേക്കും ആമകളിലൊന്ന് ചത്ത് പോയിരുന്നു. ട്രാസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്‍റെ പരിശോധനക്കിടെയാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതിയെ കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ശേഷം അവരെ മാറ്റി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ബ്രായ്‌ക്കുള്ളിൽ ആമകളെ കണ്ടത്. ജീവനുണ്ടായിരുന്ന ആമയെ ഫ്ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫിൽ പാർപ്പിച്ചിരിക്കുകയാണ്.
വസ്ത്രങ്ങൾക്കുള്ളിൽ വളർത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തുന്നത് അനുവദിക്കില്ലെന്ന് ടിഎസ്‌എ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ടിഎസ്‌എ പറയുന്നത് ഇപ്രകാരമാണ്; ചെറു മൃഗങ്ങളെ കൊണ്ടുപോകുന്നതുമായി സംബന്ധിച്ച നിയമങ്ങൾ എല്ലാവരും അനുസരിച്ചേ മതിയാകൂ. കാരിയറുകളിൽ മാത്രമേ വളർത്തുമൃഗങ്ങളെ വിമാനത്തിനുള്ളിൽ അനുവദിക്കൂ.
അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ല. വളർത്തുമൃഗങ്ങളുമായി നിങ്ങള്‍ യാത്ര ചെയ്യുന്നതിന് ആരും എതിരല്ല. എന്നാൽ ആ യാത്ര മൃഗങ്ങളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായിരിക്കണം. ചെക്ക് പോയിന്റുകളിൽ ഇവയെ എത്തിച്ച് പരിശോധിച്ച ശേഷം സുരക്ഷിതമായി മാത്രമേ ഇവയെ കൊണ്ട് പോകാവൂ. അല്ലാതെ അടിവസ്ത്രത്തിലും മറ്റ് ഒളിപ്പിച്ച് കടത്തിയാല്‍ ശിക്ഷ ലഭിക്കും.