TOPICS COVERED

  • ‘ഏറ്റവും വിശ്വാസം ഇന്ത്യയെ’
  • അന്ന് ഇന്ത്യ ഔട്ട്, ഇന്ന് ഇന്ത്യ ഇന്‍
  • മുഹമ്മദ് മുയിസുവിന്റെ മനംമാറ്റത്തിനു പിന്നില്‍

 ഒരു ഘട്ടത്തില്‍ ഇപ്പോള്‍ അടിച്ചുപിരിയുമെന്ന് കരുതി. ഇന്നിതാ മഞ്ഞുരുകി ഒന്നായി നില്‍ക്കുന്ന കാഴ്ച്ച. അതാണ് ഇന്നത്തെ ഇന്ത്യ–മാലദ്വീപ് ബന്ധം. ഞങ്ങള്‍ക്കേറ്റവും വിശ്വാസമുള്ളവരെന്നാണ് ഇന്ത്യയെക്കുറിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്നലെ പറഞ്ഞത്.

മാലദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ‘ഞങ്ങളുടെ സൗഹൃദബന്ധത്തിന്‍റെ വേരുകള്‍ ചരിത്രത്തിനു മുന്‍പുള്ളതും, കടലോളം ആഴമുള്ളതുമാണ്’–മുയിസു പറഞ്ഞ വാക്കുകളാണിത്. എന്താണ് മുയിസുവിന്‍റെ മനംമാറ്റത്തിനു പിന്നില്‍ എന്നതാണ് ഉയരുന്ന ചോദ്യം.

ചര്‍ച്ചയില്‍ വ്യാപാരം, പ്രതിരോധം, സമുദ്രസുരക്ഷ എന്നീ മേഖലകളിലെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. മാത്രമല്ല മാലദ്വീപിൽ ഇന്ത്യ 4850 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്നതടക്കം ആറ് ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ- മാലദ്വീപ് നയതന്ത്ര ബന്ധത്തിൻ്റെ അറുപതാം വാർഷികം കണക്കിലെടുത്ത് പ്രത്യേക സ്റ്റാംപും പുറത്തിറക്കി. ബേപ്പൂരിലെ ഉരുവിൻ്റെയും മാലദ്വീപിലെ പരമ്പരാഗത മൽസ്യബന്ധനയാനമായ വധുധോണിയുടെയും ചിത്രം അടങ്ങുന്നതാണ് സ്റ്റാംപ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സമാധാനം, സുരക്ഷ എന്നിവ ഇരുരാജ്യങ്ങളുടേയും ലക്ഷ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് ആപത്തിലും, അപകടത്തിലും മാലദ്വീപിന് സഹായവുമായെത്തുന്ന ആദ്യരാജ്യം ഇന്ത്യയായിരിക്കുമെന്നും മോദി പറഞ്ഞു. ഈ ബന്ധം എന്നും ശക്തവും ദൃഢവുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പദവിയില്‍ 4078 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിനും മുയിസു അദ്ദേഹത്തെ അഭിനന്ദിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് തുടര്‍ച്ചയായ കാലയളവില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായും അദ്ദേഹം മാറി. ‘4078 തുടർച്ചയായ ദിവസങ്ങൾ എന്ന ശ്രദ്ധേയമായ നാഴികക്കല്ല്, പൊതുസേവനത്തോടുള്ള താങ്കളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും ഭാരതീയ ജനതയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള അർപ്പണബോധത്തിന്റെയും ഒരു സാക്ഷ്യപത്രമാണെന്നായിരുന്നു മുയിസുവിന്‍റെ വാക്കുകള്‍.

ഒരു വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്‌കരിച്ചിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം വന്‍ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കി. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമങ്ങളാരംഭിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ലഭിച്ച ഉഷ്മളസ്വീകരണം ഇതിന്‍റെ തുടര്‍ച്ചയാണ്.

ENGLISH SUMMARY:

At one point, it seemed like these friendly nations were on the verge of breaking apart — but now, here they stand, united once again. That’s the current picture of India–Maldives relations. “We consider India as one of our most trusted partners,” said President Mohamed Muizzu yesterday. During the bilateral talks held with Prime Minister Narendra Modi, who is visiting the Maldives, both nations agreed to further strengthen their cooperation.