ഹമാസിന് വേണ്ടത് സമാധാനമല്ല മരണമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് തള്ളിക്കളഞ്ഞതിനു പിന്നാലെയാണ് ഹമാസിനെതിരായ നീക്കം ശക്തമാക്കാന്‍ ട്രംപ് ഇസ്രയേലിനോട് നിര്‍ദേശിച്ചത്. ഗാസയിലെ നടപടി കൂടുതല്‍ കടുപ്പിക്കുകയും വൃത്തിയാക്കി തീര്‍ക്കുകയും വേണമെന്നാണ് ട്രംപിന്റെ പ്രകോപനപരമായ നിര്‍ദേശം.
‘ഹമാസിന് ഒരു കരാറുണ്ടാക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവർക്ക് മരിക്കാനാണ് ആഗ്രഹം, വളരെ മോശമാണിത്, ഗാസയിലെ ജോലി പൂര്‍ത്തിയാക്കേണ്ട ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്’ എന്നായിരുന്നു സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്ക് മുൻപ് ട്രംപ് തുറന്നു പറഞ്ഞത്.
സമാധാന ചര്‍ച്ചകളില്‍ നിന്നും യുഎസ് പിന്‍തിരിയേണ്ട സാഹചര്യമാണ് വന്നിരിക്കുന്നതെന്നും നയതന്ത്രം വഴിമാറ്റുന്ന കാര്യം വാഷിങ്ടണ്‍ ചിന്തിച്ചേക്കുമെന്നും കഴിഞ്ഞ ദിവസം യുഎസിന്റെ പശ്ചിമേഷ്യന്‍ വക്താവ് സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഹമാസ് ബന്ദിയാക്കിയ യുഎസ്-ഇസ്രായേലി പൗരനായിരുന്ന എഡാൻ അലക്സാണ്ടറിന്റെ മോചനത്തിനായി നടത്തിയ ചർച്ചകളിൽ അവസാന ഘട്ടത്തിൽ പോലും ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് ട്രംപ് കടുത്ത പ്രതികരണത്തിലേക്ക് നീങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗാസയിലെ മാനുഷിക സാഹചര്യം അതിവേഗം വഷളാകുകയും, സാധാരണക്കാർക്കിടയിൽ പട്ടിണിയുടെ റിപ്പോർട്ടുകൾ വർധിക്കുകയും ചെയ്തതോടെ, നയതന്ത്രം ഇനി പ്രായോഗികമാകില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. അവര്‍ക്ക് പോരാടിത്തന്നെ സ്ഥിതി നിയന്ത്രിക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ സൈനിക നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ഈ പ്രതിസന്ധിക്ക് കാരണം ഹമാസിന്റെ മനോഭാവം തന്നെയാണെന്നും ഗാസയില്‍ നിന്നും ബന്ദികളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ബദല്‍മാര്‍ഗം തേടുകയാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നെന്നും ശത്രുവിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ കരാറിലേക്ക് എത്തുമായിരുന്നുവെന്നും ഹമാസ് പ്രതികരിച്ചു. ചർച്ചകൾ താൽക്കാലികമായി നിർത്തുന്നത് ഒരു സാധാരണ പ്രക്രിയയാണെന്നും, യുഎസുമായി സഹകരിച്ച് വെടിനിർത്തൽ ഉണ്ടാക്കാൻ ശ്രമം തുടരുമെന്നും മധ്യസ്ഥരായ ഖത്തറും ഈജിപ്റ്റും പറഞ്ഞു.