കൊല്ലപ്പെട്ട ഹമാസ് മുന്‍ തലവനും ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹ്യ സിന്‍വാറിന്റെ ഭാര്യ സമര്‍ മുഹമ്മദ് അബു സമര്‍ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. വലിയ തുകയുമായി തുർക്കിയിലേക്ക് കടന്ന് അവിടെ വേറെ വിവാഹം കഴിച്ചെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമര്‍ മുഹമ്മദ് അബു സമര്‍ മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും ഗാസയിലെ മറ്റൊരു സ്ത്രീയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തുനല്‍കിയത്. റഫ അതിര്‍ത്തി വഴി തുര്‍ക്കിയിലെത്തിയ ഇവര്‍ അവിടെ താമസമാക്കിെയന്നും ഇവര്‍ വേറെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. ഹമദ് തന്നെയാണ് തുര്‍ക്കിയില്‍ വച്ച് നടന്ന പുനര്‍വിവാഹത്തിനുള്ള മുന്‍കൈയെടുത്തത്. എന്നാല്‍ പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം റഫായില്‍വച്ചാണ് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയത്. പിന്നാലെ യഹിയയുടെ അവസാനസമയത്തേത് എന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടിരുന്നു. സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. രക്ഷപ്പെടുന്നതിനിടെ യഹ്യ സിൻവാറിന്റെ ഭാര്യയുടെ കയ്യിലുള്ള ബാഗിന് 27 ലക്ഷം രൂപ വില വരുമെന്നാണ് ഇസ്രയേലി സേന അവകാശപ്പെടുന്നത്.
ഹെർമിസ് ബിർക്കിൻറെ ഹാൻഡ് ബാഗുമായാണ് യഹ്യ സിൻവാറിന്റെ ഭാര്യ സമർ രക്ഷപ്പെടുന്നതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ അറബി ഭാഷ വക്താവ് ലെഫ്റ്റനന്റ് കേണൽ അവിചായ് അദ്രേ ചൂണ്ടിക്കാട്ടി. ഇതിന് 32,000 ഡോളർ അഥവാ 26.60 ലക്ഷം രൂപയാണിതിന്റെ വില. ഗാസയിലെ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് മതിയായ പണമില്ലെങ്കിലും യഹ്യ സിൻവാറിൻ്റെയും ഭാര്യയുടെയും പണത്തോടുള്ള പ്രത്യേക സ്നേഹത്തിൻ്റെ ഉദാഹരണമാണിതെന്ന് അവിചായ് അദ്രേ എക്സിൽ കുറിച്ചു.