വാള്‍സ്ട്രീറ്റ് ജേര്‍ണലിനെതിരെ മാനനഷ്ടക്കേസ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003ൽ അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന വാര്‍ത്തയാണ് കേസിനടിസ്ഥാനം. ആയിരം കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് കേസ്.

ദുരുദ്ദേശ്യത്തോടെയാണ് വാര്‍ത്ത നല്‍കിയതെന്നും തനിക്ക് വലിയ അപകീര്‍ത്തിയുണ്ടാക്കിയെന്നുമാണ് ട്രംപിന്റെ പരാതിയിലുള്ളത്. ജെഫ്രിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കത്തയയ്ക്കുകയും അതില്‍ ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചുചേര്‍ക്കുകയും ചെയ്തെന്ന വിവാദം രാജ്യത്ത് കത്തുന്നതിനിടെയാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്ത നല്‍കിയത്. 

റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരെയാണ് ട്രംപ് ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. എപ്സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന, ജയിലിലുള്ള ഗിസ്ലെയ്ന്‍ മാക്സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ ട്രംപ് പങ്കെടുത്തു എന്ന വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ആരോപണം അദ്ദേഹം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നെന്നും വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്തയിൽ പറഞ്ഞിരുന്നു.

അതേസമയം ഇത് താനെഴുതിയ കത്തല്ലെന്നും തട്ടിപ്പുകഥയാണെന്നും സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും ട്രംപ് പറഞ്ഞു. ഏതായാലും വിവാദങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ട്രംപിനെ തേടിവരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. 

ENGLISH SUMMARY:

Former US President Donald Trump has filed a defamation lawsuit against The Wall Street Journal. The case is based on a report claiming that Trump had sent an obscene letter in 2003 to Jeffrey Epstein, the notorious sex offender who died under mysterious circumstances in a US jail. Trump is seeking $1 billion in damages.