സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരങ്ങളാണ് സയാമീസ് ഇരട്ടകളായ കാർമെന്‍ ആൻഡ്രേഡും ലുപിറ്റ ആൻഡ്രേഡും. ഇപ്പോഴിതാ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യായത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് സയാമിസ് ഇരട്ടകളിൽ ഒരാളായ കാർമെൻ ആൻഡ്രേഡ്. കാമുകനായ ഡാനിയേൽ മക്കോര്‍മാക്കിനെയാണ് കാർമെന്‍ വിവാഹം കഴിച്ചത്.
2020ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് കാർമെൻ ഡാനിയേലിനെ പരിചയപ്പെടുന്നത്. തുടർന്ന് 2024 ഒക്ടോബറിൽ വിവാഹിതയായെന്നാണ് കാർമെൻ ഒരു രാജ്യാന്തരമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. യൂട്യൂബ് വിഡിയോയിലൂടെ കാര്‍മെൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രാധാന്യമുള്ള ഒരുകാര്യം അറിയിക്കുകയാണ്. ഞാൻ വിവാഹം കഴിച്ചു’എന്നാണ് കാർമെൻ പറഞ്ഞത്. ഒപ്പം വിവാഹമോതിരവും വിഡിയോയിൽ കാണിച്ചു. അതേസമയം താൻ വിവാഹം കഴിച്ചിട്ടില്ലെന്ന് ലുപിറ്റ പറഞ്ഞു.
സയാമീസ് ഇരട്ടകളായ കാര്‍മെനും ലുപിറ്റയും മെക്‌സിക്കോയിലാണ് ജനിച്ചത്. രണ്ടുപേര്‍ക്കും സ്വന്തമായി ഹൃദയവും ഒരു ജോടി ശ്വാസകോശവും വയറുമുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ യുഎസിലേക്ക് താമസം മാറിയ ഇവരുടെ ഉടലുകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ്. ഇരുവരും ഒരേ ഇടുപ്പെല്ലും പ്രത്യുത്പാദന വ്യവസ്ഥയും പങ്കിടുന്നു. രണ്ട് പേര്‍ക്കും രണ്ട് കൈകള്‍ വീതമുണ്ടെങ്കിലും ഒരു കാല്‍ മാത്രമാണുള്ളത്.