പാക്കിസ്ഥാനിലെ ബലൂച് മേഖലയില്‍ ഒമ്പത് ബസുകളിലെ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. വ്യത്യസ്ത ബസുകളില്‍ നിന്നുള്ള യാത്രക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആളൊഴിഞ്ഞ മലമ്പ്രദേശങ്ങളിലെത്തിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി സര്‍ക്കാര്‍ വക്താവ് ഷാഹിദ് ഹിന്ദ് സ്ഥിരീകരിച്ചു.
അന്ന് രാത്രിയോടെയാണ് യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു സംഘടനയും ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സമാനസംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനു പിന്നില്‍ ബലൂച് വിമതരായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ പറയുന്നു. കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ആളുകളെ തിരഞ്ഞുപിടിച്ചായിരുന്നു അന്നത്തെ ആക്രമണം. സമാനമായ സംഭവമാണ് ഇപ്പോഴുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബലൂച് ലിബറേഷന്‍ ആര്‍മിക്ക് ശക്തമായ സ്വാധീനമുളള മേഖലയിലാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കുനേരെ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനും ഇറാനും അതിര്‍ത്തി പങ്കിടുന്ന ധാതുസമ്പുഷ്ടമായ മേഖല കൂടിയാണിത്. ഈ മേഖലയില്‍ നിന്നുള്ള സമ്പത്തുപയോഗിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ് മേഖലയില്‍ വികസനം നടത്തുന്നുവെന്ന ബലൂച് ആര്‍മിയുടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് പുതിയ സംഭവം.
പാക്കിസ്ഥാനെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വിമത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷൻ ബാം' എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഞ്ച്ഗുർ, സുരബ്, കെച്ച്, ഖരാൻ എന്നിവിടങ്ങളിൽ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബിഎല്‍എഫ് അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും സൈനിക ചെക്ക്പോസ്റ്റുകള്‍ക്കും, ഓഫീസ് കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകൾ പറ്റിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.