ദലൈലാമയുടെ പിന്‍ഗാമിയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. മരണശേഷമായിരിക്കും പിന്‍ഗമിയെ തിരഞ്ഞെടുക്കുക എന്ന് ദലൈലാമ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍ അംഗീകരിക്കുന്ന ആളാകണം ലാമയെന്ന് ചൈനീസ് സര്‍ക്കാരും പറയുന്നു. ആരാണ് ദലൈലാമ, എങ്ങനെയാണ് പിന്‍ഗാമി തിരഞ്ഞെടുപ്പ്
ടിബറ്റന്‍ ബുദ്ധസന്യാസി സമൂഹത്തിന്‍റെ അധിപനാണ് ദലൈലാമ. പതിനാലാമത്തെ ദലൈലാമയാണ് ഇപ്പോഴുള്ളത്. യഥാര്‍ഥ പേര് ടെന്‍സിന്‍ ഗ്യാറ്റ്സോ. 1935 ല്‍ വടക്കന്‍ ടിബറ്റില്‍ ജനിച്ച അദ്ദേഹത്തെ രണ്ടാംവയസിലാണ് പതിമൂന്നാമത്തെ ദലൈലാമയുടെ പിന്‍ഗാമിയായി നിശ്ചയിക്കുന്നത്. തുടര്‍ന്ന് ആത്മീയ പഠനവും സന്യാസജീവിതവുമായി മുന്നോട്ട്. ഇതിനിടെ 1950 ല്‍ ചൈനീസ് സൈന്യം ടിബറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അന്ന് 15 വയസുമാത്രം പ്രായമുണ്ടായിരുന്ന ദലൈലാമ ടിബറ്റന് ജനതയുടെ രാഷ്ട്രീയ നേതാവുകൂടിയായി മാറി. 1959 ല്‍ ദലൈലാമയും ടിബറ്റന്‍ സന്യാസിമാരില്‍ വലിയൊരു വിഭാഗവും ഇന്ത്യയില്‍ അഭയംതേടിയെത്തി. ധര്‍മശാലയില്‍ അവര്‍ ആശ്രമം സ്ഥാപിച്ചു. ഒരേസമയം ആത്മീയാചാര്യനും രാഷ്ട്രീയ നേതാവുമായി. 1989 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചു. ഒരുഘട്ടത്തില്‍ ചൈനയുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനും സ്വതന്ത്ര രാജ്യം എന്നതുമാറ്റി സാംസ്കാരിക സ്വാതന്ത്ര്യം അനുവദിക്കണം എന്ന നിലപാടിലേക്ക് ദലൈലാമ എത്തി. എന്നാല്‍ ടിബറ്റന്‍ ജനതയില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നു. ചൈനയാവട്ടെ നിലപാട് അംഗീകരിച്ചതുമില്ല.
ചൈനയുമായുള്ള ഭിന്നത
ടിബറ്റ് സ്വതന്ത്ര രാജ്യമാവണമെന്ന് ബുദ്ധ സന്യാസി സമൂഹം ആഗ്രഹിക്കുന്നു. അത് അംഗീകരിക്കാന്‍ ചൈന തയാറല്ല. ടിബറ്റ് തങ്ങളുടെ ഭാഗമാണെന്ന് ചൈന വാദിക്കുന്നു. അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമായപ്പോഴാണ് ദലൈലാമയും ബുദ്ധ സന്യാസിമാരും ടിബറ്റ് വിട്ട് ഇന്ത്യയില്‍ അഭയംതേടിയത്. ടിബറ്റ് സ്വതന്ത്ര രാജ്യമെന്ന നിലയില്‍ ഭരണകൂടവും സന്യാസിമാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലിരുന്നാണ് പ്രവര്‍ത്തനം എന്നുമാത്രം. ദലൈലാമയെയും ടിബറ്റന്‍ സന്യാസി സമൂഹത്തെയും വരുതിയിലാക്കാന്‍ ചൈന ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇപ്പോഴത്തെ ദലൈലാമയുടെ പിന്‍ഗാമി ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും നിയമിക്കപ്പെടുക എന്ന് ഭരണകൂടം പറഞ്ഞത് വ്യക്തമായ സന്ദേശമായിരുന്നു. അടുത്ത ദലൈലാമ ചൈനയുടെ ആളായിരിക്കും എന്ന മുന്നറിയിപ്പ്. എന്നാല്‍ പിന്‍ഗാമി ചൈനയ്ക്ക് പുറത്ത് സ്വതന്ത്രരാജ്യത്ത് ജനിച്ചെന്നു പറഞ്ഞ് ദലൈലാമ അപ്പോള്‍തന്നെ ചൈനീസ് വാദം ഖണ്ഡിച്ചു. അതൊരു പുരുഷനാവണമെന്ന് നിര്‍ബന്ധമില്ല, പ്രായപൂര്‍ത്തിയായ ആള്‍ ആവാമെന്നും പറഞ്ഞു. ഇതോടെ പിന്‍ഗാമിയെ നിശ്ചയിച്ചെന്നും ഈ മാസം ആറിന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അഭ്യൂഹം ശക്തമായി. എന്നാല്‍ അത് അസ്ഥാനത്താക്കിയാണ് ഇപ്പോള്‍ ദലൈലാമ നിലപാട് വ്യക്തമാക്കിയത്. പിന്‍ഗാമിയെ കണ്ടെത്താനുള്ള ചുമതല താന്‍ രൂപം കൊടുത്ത ഗാഡെന്‍ ഫോദ്രാങ് ട്രസ്റ്റിനാണ്. ട്രസ്റ്റ് ഭാരവാഹികള്‍ ടിബറ്റന്‍ ബുദ്ധ സംഘടനകളുമായും ആത്മീയ ആചാര്യന്‍മാരുമായും ചര്‍ച്ച നടത്തിയാണ് പുതിയ ദലൈലാമയെ കണ്ടെത്തുകയും വാഴിക്കുകയും ചെയ്യുക. മറ്റാര്‍ക്കും അതിന് അധികാരമില്ലെന്നും ദലൈലാമ പറഞ്ഞു. ഇത് ചൈനക്കുള്ള കൃത്യമായ മറുപടിയാണ്. ഒപ്പം പിന്‍ഗാമി തന്‍റെ മരണശേഷം മാത്രമെന്ന സൂചനയും. ഭരണകൂടം അംഗീകരിക്കുന്നയാളെ മാത്രമെ ദലൈലാമ ആക്കാന്‍ സാധിക്കു എന്ന പ്രതികരണത്തിലൂടെ ചൈനയും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി.
പുതിയ ദലൈലാമയെ കണ്ടെത്തല്‍
പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ടിബറ്റന്‍ സന്യാസികള്‍. സാധാരണഗതിയില്‍ ഒരു ദലൈലാമ മരിച്ചുകഴിയുമ്പോഴാണ് പിന്‍ഗാമിയെ നിശ്ചയിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കാം. പിന്‍ഗാമിയെ കണ്ടെത്താന്‍ പരമ്പരാഗതമായി പിന്തുടരുന്ന ചില രീതികളുണ്ട്. മുന്‍ ദലൈലാമ നല്‍കുന്ന ചില സൂചനകള്‍ പരിഗണിക്കും. ഉദാഹരണത്തിന് അദ്ദേഹം മരിച്ചപ്പോള്‍ കിടന്നിരുന്ന ദിശ, കിടന്ന രീതി, മൃതദേഹം സംസ്കരിക്കുമ്പോള്‍ പുക പോകുന്ന ദിശ... ഇതൊക്കെ പിന്‍ഗാമി ഏതുഭാഗത്താണെന്ന് കണ്ടെത്താനുള്ള അടയാളങ്ങളായി വിലയിരുത്തും. ധ്യാനത്തിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകളും തുണയാകുമെന്നാണ് വിശ്വാസം. അടയാളങ്ങള്‍ പിന്തുടര്‍ന്ന് അന്തരിച്ച ദലൈലാമയുടെ രീതികളുമായി സാമ്യമുള്ള ആളെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. അതിനുശേഷം ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തും. മുന്‍ ദലൈലാമയുമായി ഏറെപൊരുത്തങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെടട്ടാല്‍ പിന്നെ ആത്മീയ പഠനമായി. അതിനൊടുവിലാണ് ദലൈലാമയായി വാഴിക്കുക.