നവതി നിറവിൽ ശാന്തിയും സ്നേഹവും നേർന്ന് ദലൈലാമ. ധരംശാലയിലെ ആഘോഷത്തിൽ കേന്ദ്രമന്ത്രിമാരടക്കം പങ്കെടുത്തു. പ്രധാനമന്ത്രിയുൾപ്പെടെ പ്രമുഖർ ആശംസ നേർന്നു. ചൈനയുടെ അല്ല ദലൈലാമയുടെ താൽപര്യപ്രകാരമാകണം പിൻഗാമി വരേണ്ടതെന്ന് ടിബറ്റൻ സമൂഹം ആവശ്യപ്പെട്ടു.
ടിബറ്റന്‍ സന്യാസി സമൂഹത്തിന്‍റെ ആത്മീയ, രാഷ്ട്രീയ ആചാര്യൻ ദലൈലാമയുടെ 90-ാം പിറന്നാൾ ആഘോഷമാക്കി ബുദ്ധസമൂഹം. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിംഗും ഹിമാചലിലെ ധരംശാലയിലെ ആഘോഷങ്ങളിൽ പങ്കെടുത്തു. ദലൈലാമ വിശ്വാസികളെ അഭിസംബോധന ചെയ്തു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും കോടിക്കണക്കിന് പേർക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
130 വയസ് വരെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനു ശേഷമാവും പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈനീസ് നിയമങ്ങള്‍ക്ക് വിധേയനായിട്ടായിരിക്കും പിൻഗാമി നിയമിക്കപ്പെടുക എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന.