Image: NDTV
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്ന തീവ്രവാദി പരിശീലന ക്യാംപുകളും ലോഞ്ച് പാഡുകളും പാക്കിസ്ഥാന്‍ പുനര്‍നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സൈന്യവും ചാര ഏജന്‍സിയായ ഐഎസ്ഐയും പാക് സര്‍ക്കാരും ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്ന് എന്‍ഡിടിവിയുടെ എക്സ്ക്ലുസീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധിനിവേശ കശ്മീരിനോട് ചേര്‍ന്നും പരിസരപ്രദേശങ്ങളിലുമാണ് നശിപ്പിക്കപ്പെട്ട കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള വനമേഖലയിലാണ് ചെറുതും വലുതും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്.
ലഷ്കര്‍ ഇ തയിബ, ജയ്ഷെ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദീന്‍, റസിസ്റ്റന്‍സ് ഫ്രണ്ട് എന്നീ സംഘടനകളുടെ നിര്‍ണായക കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് നിലംപരിശാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ വീണ്ടെടുക്കല്‍ നടപടി. നിരീക്ഷണത്തിനും ആക്രമണത്തിനും തയ്യാറായിരിക്കാന്‍ കൂടിയാണ് ഈ പ്രവര്‍ത്തനം. ലൂനി, പത്‌വാള്‍, ടിപുപോസ്റ്റ്, ജമീല്‍പോസ്റ്റ്, ഉമ്രാന്‍വാലി, ചപ്‌രാര്‍ ഫോര്‍വേഡ്, ഛോട്ടാ ഛക്, ജങ്ക്ലോറ എന്നീ ഭാഗങ്ങളിലാണ് നിര്‍മാണം നടക്കുന്നത്. തെര്‍മല്‍, റഡാര്‍, സാറ്റലൈറ്റ് നിരീക്ഷണങ്ങളില്‍ നിന്നും മറയാന്‍ തക്ക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് തീവ്രവാദി കേന്ദ്രങ്ങള്‍ സജ്ജമാക്കപ്പെടുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
കേല്‍, സര്‍ദി, ദുധ്നിയാല്‍,ജൂര മേഖലകളിലും നിര്‍മാണം നടക്കുന്നുണ്ട്. ഭൂപ്രദേശങ്ങളുടെ ഘടനാപരമായ പ്രത്യേകതകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍മാണത്തിനായി മേഖലകള്‍ തിരഞ്ഞെടുക്കുന്നത്. വനപ്രദേശങ്ങളും,മലയോര മേഖലകളും, തിങ്ങിനിറഞ്ഞ് മരങ്ങളുള്ള മേഖലകളും ഡ്രോണ്‍ നിരീക്ഷണങ്ങളില്‍ നിന്നും ഉപഗ്രഹ നിരീക്ഷണങ്ങളില്‍ നിന്നും മറച്ചു നിര്‍ത്താന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് ഇത്തരം മേഖലകള്‍ തിരഞ്ഞെടുക്കുന്നത്. വലിയ കേന്ദ്രങ്ങളെല്ലാം ചെറിയ കേന്ദ്രങ്ങളാക്കി മാറ്റി, 200ല്‍ താഴെ മാത്രം ആളുകളെ പാര്‍പ്പിക്കുക എന്നതാണ് ഐഎസ്ഐ നിലവില്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ഓരോ മിനികേന്ദ്രങ്ങള്‍ക്കും പ്രത്യേക സുരക്ഷയും സജ്ജമാക്കും.