‘നിങ്ങളീ വിഡിയോ കാണുകയാണോ, ഈ സമയം ഞാന്‍ മരിച്ചു കഴിഞ്ഞു’, കണ്ണീരോടെ 30കാരനായ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ടാനെര്‍ മാര്‍ട്ടിന്‍. തന്റെ മരണം ഉറപ്പായതോടെ ടാനെര്‍ തന്റെ ഫോളോവേഴ്സിനായി നല്‍കാനുള്ള അവസാനവിഡിയോ റെക്കോര്‍ഡ് ചെയ്തുവച്ചു. മരണശേഷം ഭാര്യ ഷേ റൈറ്റ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തു.
തീര്‍ത്തും വൈകാരികമായ തരത്തിലായിരുന്നു ടാനെര്‍ തന്റെ പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞത്. നിങ്ങളീ വിഡിയോ കാണുകയാണോ, ഞാന്‍ മരിച്ചു കഴിഞ്ഞു എന്നാണ് വിഡിയോയുടെ തുടക്കത്തില്‍ ടാനെര്‍ പറയുന്നത്. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്ന ടാനെറിന് അഞ്ചുവര്‍ഷം മുന്‍പാണ് കോളോറെക്റ്റല്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ചികിത്സാഘട്ടങ്ങളെല്ലാം അദ്ദേഹം തന്റെ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു. ലക്ഷക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു.
ഇക്കഴിഞ്ഞ മേയ് 25നാണ് ടാനെര്‍–ഷേ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ആമിലൂ എന്നുപേരിട്ട മകളുടെ വിശേഷങ്ങളും ടാനെര്‍ തന്റെ പേജുകളിലൂടെ പങ്കുവച്ചു. ‘എന്റെ ജീവിതം അസാധാരണമായിരുന്നു, ജീവിതം തന്നെ പലപ്പോഴും അമ്പരപ്പിച്ചു. ഞാന്‍ നന്നായി ആസ്വദിച്ചു, മരണം ഭീതി നിറഞ്ഞതാണ് എങ്കിലും അത് മറ്റൊരു സാഹസികതയുടെ ലോകമായിരിക്കാം, ആ അനുഭവങ്ങളറിയാന്‍ ആകാംക്ഷയോടെയിരിക്കുകയാണ് ഞാന്‍, അതും മികച്ച അനുഭവമാകുമെന്നാണ് കരുതുന്നത്’–ടാനെര്‍ തന്റെ മരണത്തിനു തൊട്ടുമുന്‍പുള്ള വിഡിയോയില്‍ പറയുന്നു.
ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നു, എന്റെ അവസാനവര്‍ഷം ഇത്രത്തോളം സന്തോഷവും തമാശയും നിറഞ്ഞതാക്കിയതിന്, നിങ്ങളോടെല്ലാം സ്നേഹം മാത്രം, തന്റെ മകള്‍ ആമിലൂവിനു വേണ്ടി സാമ്പത്തികസഹായം നല്‍കാനും ടാനെര്‍ തമാശരൂപേണ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ അവസാന വിഡിയോ തീര്‍ത്തും ഹൃദയഭേദകമാണെന്ന് ഫോളോവേഴ്സ് പറയുന്നു. വിഡിയോയിലുടനീളം മിക്കവാറും സന്തോഷമുള്ളതായി കാണിച്ച മാർട്ടിൻ കണ്ണുനീർ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെയാണ് തോന്നിയതെന്നും അഭിപ്രായപ്പെടുന്നു ചിലര്‍.
ടാനെറിന് മകളെ കാണാനായല്ലോയെന്നും മകളുമൊത്ത് ഒരു ഫാദേഴ്സ് ഡേ ആഘോഷിക്കാനയല്ലോയെന്നും ആശ്വസിക്കുന്നു ഒരാള്‍. ഭാര്യ ഷേയ്ക്കും കുടുംബത്തിനും ഈ വേര്‍പാട് മറികടക്കാനുള്ള ശക്തിയുണ്ടാവട്ടേയെന്ന പ്രാര്‍ഥനയിലാണ് ടാനെറിനെ സ്നേഹിക്കുന്നവരെല്ലാം.