ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 37 പലസ്തീനികൾ മരിച്ചുവെന്ന് റിപ്പോർട്ട്. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. മരിച്ചവരിൽ എട്ട് പേർ കുട്ടികളാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 150 പേർക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നത്. സംഘർഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോൾ ഗാസയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്തുക്കൾ ലഭിക്കാത്ത അവസ്ഥയുണ്ട്.
മെയ് മാസം മുതൽക്ക് മാത്രം ഇസ്രയേൽ ഇത്തരത്തിൽ നടത്തിയ ആക്രമണത്തിൽ 450 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 3500 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേ സമയം എത്രയും വേഗം മേഖലയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 50 ബന്ദികളാണ് ഇനി ഹമാസിന്‍റെ പിടിയിലുള്ളത്. അതില്‍ 25 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഗാസയിലും സംഘര്‍ഷം അവസാനിപ്പിക്കണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിലും ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചയായേക്കും.നിലവില്‍ ഇസ്രയേലും ഹമാസുമായി ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇടപെടുന്നുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി വ്യക്തമാക്കി. ഹമാസിന്‍റെ പ്രധാനനേതാക്കളെല്ലാം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ നേതൃനിരയില്‍ നിന്ന് ആരും തയാറാകുന്നില്ലെന്നതും തിരിച്ചടിയാണ്.