ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്ന് ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദകരായ ഇറാന്‍ ഹോർമുസ് കടലിടുക്ക് അടയ്ക്കുമോ എന്ന ആശങ്കയാണ് പ്രധാന കാരണം. അതേസമയം രാജ്യത്ത് ഇന്ധനക്ഷാമം നേരിടുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ വില മൂന്നു ശതമാനത്തിലേറെ ഉയർന്ന് അഞ്ചുമാസത്തെ റെക്കോർഡ് നിലവാരമായ 81.40 ഡോളറിലും 78.40 ഡോളറിലുമെത്തിയിരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്.
അതേസമയം, ഹോർമൂസ് കടലിടുക്ക് അടച്ചാലും ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യയില്‍ പ്രതിദിനം ഉപയോഗിക്കുന്ന 55 ലക്ഷം ബാരലില്‍ 20 ലക്ഷം ലീറ്റര്‍ മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നത്. ഹോർമുസ് അടയ്ക്കാനുള്ള പ്രമേയം ഇറാനിയൻ പാർലമെന്റ് പാസാക്കിയതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. മുൻപും ഇറാൻ സമാനമായ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല