ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഇറാനില്‍ ഒരാളെ തൂക്കിക്കൊന്നു. മജീദ് മൊസെയ്ബി എന്നയാളുടെ വധശിക്ഷ ഇന്നലെ രാവിലെയാണ് നടപ്പിലായതെന്ന് ഇറാനിലെ ന്യൂസ് ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തതെപ്പോള്‍ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
അതേസമയം ഇസ്രയേലിനൊപ്പം നിന്ന് ഇറാനെ ആക്രമിച്ച യുഎസ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളതലത്തില്‍ തന്നെ കടുത്ത പ്രതിഷേധം ഉയരുന്നു. വിദേശനയവുമായി ബന്ധപ്പെട്ട ഏറ്റവും അപകടകരമായ തീരുമാനമാണ് ട്രംപ് എടുത്തതെന്ന് യുഎസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ആണവപദ്ധതി നിയന്ത്രണത്തിനു തയ്യാറായാല്‍ പോലും അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും കരുതലോടുകൂടി തന്നെ ഇരിക്കേണ്ടിവരും. യുദ്ധത്തിനു വേണ്ടി ചിലവാക്കുന്ന പണം യുഎസിനു വന്‍ ബാധ്യതയായേക്കാം.
അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം.
ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണില്‍ സംസാരിച്ചു. സാഹചര്യങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. സമീപകാലത്തെ സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.