ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാനിൽ ഭൂചലനം. വടക്കൻ ഇറാനിലെ സെംനാൽ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി 9 മണിയോടെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. സെംനാനിൽ നിന്ന് 27 കിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഇറാൻ ആണവ പരീക്ഷണങ്ങൾക്കു തുടക്കമിട്ടെന്നും ഇതിന്റെ ഫലമായാണു ഭൂകമ്പം സംഭവിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തലുകളുണ്ട്. എന്നാല്‍ ഭൂകമ്പത്തിനു പിന്നിൽ ആണവ പരീക്ഷണങ്ങളാണെന്ന ഊഹാപോഹങ്ങളെ തള്ളുകയാണ് യുഎസ് ജിയോളജിക്കൽ സർവേ.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നും ഇറാന്‍ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. സാധാരണയായി ഒരു വർഷം 2,100 ഭൂകമ്പങ്ങൾ ഇറാനിൽ ഉണ്ടാകാറുണ്ട്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണം.