രാജ്യത്തെ പൗരന്മാരോട് വാട്സാപ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ഇറാൻ. പൗരന്മാരുടെ ഡേറ്റ ഇസ്രയേലിലേക്ക് വാട്സാപ് കൈമാറുന്നുവെന്ന് ആരോപിച്ചാണ് ദേശീയ മാധ്യമത്തിലൂടെയുള്ള ഇറാന്റെ ആഹ്വാനം. എന്നാൽ ആരോപണം വാട്സാപ് നിഷേധിച്ചു. ഒരു സർക്കാരിനും ഡേറ്റ കൈമാറുന്നില്ലെന്നാണ് വാട്സാപിന്റെ പ്രതികരണം
‘നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ആർക്കാണ് സന്ദേശമയയ്ക്കുന്നത് എന്നതിന്റെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാരിനും ഞങ്ങൾ വിവരങ്ങൾ നൽകുന്നില്ല. അയച്ചയാൾക്കും ഉദ്ദേശിച്ച സ്വീകർത്താവിനും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാൻ കഴിയാത്തതായി തുടരുന്നുവെന്ന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കുന്നു’ – വാട്സപ് അധികൃതർ വ്യക്തമാക്കി.
സമീപ വർഷങ്ങളിൽ, ഇറാൻ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിരുന്നു. 2022ൽ വാട്സാപും ഗൂഗിൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. 2023 അവസാനത്തോടെയാണ് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചത്. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള തെറ്റായ റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് പ്രതികരിച്ചു.