നിരുപാധികം കീഴടങ്ങണമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്‍. ഇസ്രയേലിനോട് ദയ കാട്ടില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും പരമോന്ന നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേല്‍-ഇറാന്‍ യുദ്ധം ആറാം ദിവസത്തിലെത്തിയപ്പോള്‍ അമേരിക്കയും ആക്രമണത്തില്‍ പങ്കാളിയാകുമെന്ന സൂചനകള്‍ ശക്തമായി.
ട്രംപിന്‍റെ അന്ത്യശാസനത്തിനും വഴങ്ങാതെ പോര് കടുപ്പിക്കാനാണ് ഇറാന്റെ നീക്കം. ഖമനയിയുടെ ഒളിയിടം അറിയാമെന്നും തല്‍ക്കാലം വധിക്കില്ലെന്നുമുള്ള ട്രംപിന്റെ ഭീഷണിക്ക് നേരിട്ട് മറുപടി പറയാതെ ഇസ്രയേലിനോട് ദയകാട്ടില്ലെന്ന ഖമനയിയുടെ പ്രതികരണം ഈവഴിക്കാണ് സൂചന നല്‍കുന്നത്. ഇസ്രയേലും ലോകവും ഈ നൂറ്റാണ്ടില്‍ മറക്കാത്ത പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്‍ സേനയും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇറാനുമേല്‍ ആക്രമണത്തിന് അമേരിക്കയും നീങ്ങുന്നുവെന്ന സൂചനയാണ് വാഷിങ്ടണ്ണില്‍ നിന്ന് വരുന്നത്. ദേശീയ സുരക്ഷാ സമിതിയുടെ യോഗത്തില്‍ ട്രംപ് തന്റെ നീക്കം വ്യക്തമാക്കിയെങ്കിലും പൂര്‍ണ പിന്തുണ ലഭിച്ചില്ല.
ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്ന ഫര്‍ദോ ആണവകേന്ദ്രമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഫര്‍ദോയിലെ ഭൂഗര്‍ഭ അറയില്‍ ആണവായുധനിര്‍മാണത്തിന് ഉതകുന്ന യുറേനിയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മധ്യ പൂര്‍വേഷ്യയിലെ സൈനിക താവളങ്ങളിലേക്ക് കൂടുതല്‍ പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ സന്നാഹങ്ങള്‍ അമേരിക്ക അയച്ചതും യുദ്ധത്തിലേക്ക് അമേരിക്ക കടക്കുമോയെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
ആറാം ദിവസവും ഇറാനിലെയും ഇസ്രയേലിലെയും നഗരങ്ങളില്‍ ആക്രമണം തുടരുകയാണ്. ഇസ്രയേല്‍ സ്ട്രൈക്കര്‍ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന ഫത്ത വണ്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ടെല്‍ അവീല്‍ സൈനിക കേന്ദ്രം തകര്‍ത്തതായി ഇറാന്‍ സേന അറിയിച്ചു. ഇന്നലെ രാത്രിയിലെ ആക്രമണത്തില്‍ ടെഹ്റാനിലെ കൂടുതല്‍ ആണവകേന്ദ്രങ്ങളും മിസൈല്‍ ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ സേനയും വ്യക്തമാക്കി.