‘പാക്കിസ്ഥാനിയോം കെ കാതില്‍’എന്ന മുദ്രാവാക്യവുമായാണ് പാക് സൈനിക മേധാവി ജനറല്‍ സയിദ് അസിം മുനീറിനെ യുഎസില്‍ വരവേറ്റത്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അസിം മുനീറിനെതിരെ കടുത്ത പ്രതിഷേധമാണ് വാഷിങ്ടണില്‍ നിന്നും ഉയര്‍ന്നുകേട്ടത്. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിനു ചുറ്റും കൂടിയ പാക്കിസ്ഥാന്‍ വംശജരും പാക് പൗരന്‍മാരുമുള്‍പ്പെടെ മുനീറിനെതിരെ മുദ്രാവാക്യം വിളിച്ചു. പാക്കിസ്ഥാനികളെ കൊന്നൊടുക്കിയവന്‍ എന്നര്‍ത്ഥം വരുന്ന പാക്കിസ്ഥാനിയോം കെ കാതില്‍ എന്നും ഭീരു എന്നും ജനം മുനീറിനെ വിശേഷിപ്പിച്ചു.

മുനീര്‍ താമസിച്ച ഹോട്ടല്‍ പരിസരത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെ സുരക്ഷാസംഘം തടഞ്ഞതോടെ പ്രതിഷേധം കനത്തു. അസിം മുനീ‍ര്‍ കൂട്ടക്കൊലപാതകി, എന്നും തോക്ക് സംസാരിച്ചു തുടങ്ങുന്നിടത്ത് ജനാധിപത്യം ഇല്ലാതാവും എന്നെഴുതിയ മൊബൈല്‍ ഇലക്ട്രോണിക് ബില്‍ ബോര്‍ഡുകളും ഹോട്ടലിനു പരിസരത്ത് കണ്ടു. 

വാഹനങ്ങള്‍ക്കുമേലെ അസിം മുനീര്‍, വെല്‍കം, നിങ്ങളുടെ സമയമടുത്തു എന്നെഴുതിയ ബോര്‍ഡുകളുമുണ്ട്. ഇമ്രന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് എംബസിക്കു മുന്‍പിലും പാര്‍ട്ടിയുടെ കനത്ത പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അസിം മുനീര്‍ അഞ്ചുദിവസ സന്ദര്‍ശനത്തിനായി വാഷിങ്ടണിലെത്തിയത്. സൈനിയ നയതന്ത്ര ബന്ധം ശക്തമാക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ക്കായാണ് അസിം എത്തിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 250ാം യുഎസ് സൈനിക വാര്‍ഷികാഘോഷത്തിന്റെ ഭാഗമായല്ല അസിം എത്തിയതെന്നും പരേഡില്‍ പങ്കെടുത്തില്ലെന്നും വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

General Syed Asim Munir, the Pakistani Army Chief, was welcomed in the US with the slogan "Pakistaniyon Ke kaatil" (meaning "Killer of Pakistanis"). He faced intense protests in Washington during his official visit. Pakistani-origin individuals and citizens gathered around the hotel where Munir was staying and raised slogans against him. Protesters called him a coward and referred to him as "Pakistaniyon Ke Qaatil," which means "the one who massacred Pakistanis."