ഫയല്‍ ചിത്രം
സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്ക് പ്രകാരം ഇന്ത്യയുടെ കൈവശം 180 ആണവായുധങ്ങളുണ്ട്. 2025 ജനുവരി വരെയുള്ള കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇന്ത്യയ്ക്ക് 172 ആണവായുധങ്ങളാണ് ഉണ്ടായിരുന്നത്. അതേസമയം പാക്കിസ്ഥാന് 170 ആണവായുധങ്ങളുണ്ട്. എന്നാല്‍ ചൈനയുടെ കൈവശമുള്ളത് 600 ആണവായുധങ്ങളാണ്. കഴിഞ്ഞവര്‍ഷം 500 എന്ന നിലയില്‍നിന്നാണ് ചൈനയുടെ ഈ വളര്‍ച്ച. സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ആണവായുധങ്ങള്‍ ലോകത്ത് കൈവശമുള്ളത് ഒന്‍പത് രാജ്യങ്ങള്‍ക്കാണ്. യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, വടക്കന്‍ കൊറിയ, ഇസ്രയേല്‍. ലോകത്തുള്ള ആണവായുധങ്ങളില്‍ 90% അമേരിക്കയുടെയും റഷ്യയുടെയും കയ്യിലാണ്. പക്ഷേ ലോകത്തെ ഏത് രാജ്യത്തെക്കാളും ആണവായുധങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ വളര്‍ച്ചയുള്ളത് ചൈനയ്ക്കാണ്. 2035 ആകുമ്പോഴേക്കും 1,500 ആണവായുങ്ങള്‍ ചൈനയ്ക്കുണ്ടാകുമെന്നാണ് കണക്ക്.
അമേരിക്കയ്ക്കും റഷ്യയ്ക്കും തന്നെയാണ് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ളത്. അമേരിക്കയ്ക്ക് 5,459 എണ്ണവും റഷ്യയ്ക്ക് 5,177 എണ്ണവും. ഇന്ത്യയുമായി സംഘര്‍ഷാവസ്ഥയുള്ള പാക്കിസ്ഥാനെയും ചൈനയെയും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ആണവായുധശേഖരം. പ്രധാനമായും മൂന്ന് മാര്‍ഗങ്ങളിലാണ് ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളെ കണക്കാക്കുന്നത്.
ന്യൂക്ലിയർ ട്രയാഡ്.
1. കരയിൽനിന്നുള്ള വിക്ഷേപിക്കുന്നവ (ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM)
2. അന്തർവാഹിനിയിൽനിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ (SLBM)
3. പോര്‍വിമാനങ്ങളില്‍നിന്ന് പ്രയോഗിക്കുക
കഴിഞ്ഞവര്‍ഷമാണ് ഇന്ത്യ രണ്ടാമത്തെ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഘാട്ട് കമ്മിഷന്‍ ചെയ്തത്. കരയില്‍നിന്നും ആകാശത്തുനിന്നും കടലില്‍നിന്നും ആണവായുധങ്ങളടക്കമുള്ള മാരകശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള അപൂര്‍വം ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കയ്ക്കും റഷ്യയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും ചൈനയ്ക്കും ഇന്ത്യയ്ക്കും മാത്രമാണ് അന്തര്‍വാഹിനികളില്‍നിന്ന് അണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളത്. ആദ്യം പ്രയോഗിക്കില്ല (No First Use) എന്നതാണ് ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം.