‘ഞങ്ങള്‍ ഒരു ഇസ്‍ലാമിക രാഷ്ട്രമാണ്, നിങ്ങളും ഇസ്‍ലാമിക രാഷ്ട്രമാണ്, ഇന്ത്യ പറയുന്നത് കേള്‍ക്കരുത്’– മലേഷ്യ സര്‍ക്കാറിനോട് പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥനയായിരുന്നു ഇത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍വകക്ഷി സംഘം മലേഷ്യയില്‍ എത്താനിരിക്കേയായിരുന്നു പാക്ക് എംബസിയുടെ പുതിയ നീക്കം. എന്നാല്‍ പാക്കിസ്ഥാന്റെ അഭ്യർത്ഥന തള്ളിയെന്നു മാത്രമല്ല, ഇന്ത്യ ശുപാര്‍ശ ചെയ്ത 10 പരിപാടികളും സംഘടിപ്പിക്കാൻ മലേഷ്യൻ സർക്കാർ അനുമതി നല്‍കുകയും ചെയ്തു.
ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘമാണ് മലേഷ്യയിലെ പത്ത് പരിപാടികളില്‍ പങ്കെടുക്കുന്നത്. മലേഷ്യ പോലുള്ള ഒരു ഇസ്‍ലാമിക രാഷ്ട്രത്തില്‍ ഇന്ത്യക്കാരുടെ എല്ലാ പരിപാടികളും റദ്ദാക്കണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പുര്‍, ഇന്തോനേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘത്തിന്‍റെ അവസാനപര്യടനമാണ് മലേഷ്യയിലേത്.
സഞ്ജയ് ഝായ്ക്കൊപ്പം മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, ബിജെപി എംപി അപരാജിത സാരംഗി, ബിജ് ലാല്‍, പ്രദാന്‍ ബറുവ, ഹേമങ് ജോഷി, മുന്‍ അംബാസഡര്‍ മോഹന്‍ കുമാര്‍ എന്നിവരുമുണ്ട്. മലേഷ്യാ പീപ്പിള്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി സംഘം സംസാരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയും തീവ്രവാദം അടിച്ചമര്‍ത്താനുള്ള ഇന്ത്യന്‍ നിലപാടുമുള്‍പ്പെടെ മലേഷ്യന്‍ നേതാക്കളെ ബോധ്യപ്പെടുത്തി.