AI Created Image
മുന്‍ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരിച്ചുവന്നുപൊട്ടി യുവാവിനു ദാരുണാന്ത്യം. തായ്‌ലന്‍ഡിലാണ് സംഭവം. പ്രണയത്തില്‍ അനുരഞ്ജനത്തിനു തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് മുന്‍ കാമുകിയേയും കുടുംബത്തേയും ലക്ഷ്യമിട്ട് യുവാവ് ഗ്രനേഡെറിഞ്ഞത്. സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
ബ്രേക്കപ്പിനു പിന്നാലെ വീണ്ടും ഒന്നിക്കണമെന്ന ആഗ്രഹവുമായെത്തിയ കാമുകനെ യുവതി തള്ളിപ്പറഞ്ഞതാണ് ആക്രമണത്തിനു യുവാവിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എം26 ഫ്രാഗ്മെന്റേഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് സൂറത് തനിയിലെ മുന്‍കാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുന്‍പിലെ തൂണില്‍ തട്ടി ഗ്രനേഡ് യുവാവിന്റെ നേര്‍ക്കുവരികയും ഉടന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. 28കാരിയായ കെനോന്‍റഫത്ത് സവോക്കോന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റു.
മേയ് 25നാണ് സംഭവം. സൊരാപോങ് തൊങ്ക്‌നക്ക് എന്ന യുവാവ് ഏറെക്കാലമായി ഇരുവരും തമ്മിലുള്ള അനുരഞ്ജനത്തിനു ശ്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുകൂടി ബ്രേക്കപ്പായതിനു പിന്നാലെ യുവാവ് യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതിക്കു നേരെ പിന്നീടാണ് ഗ്രനേഡാക്രമണത്തിനു മുതിര്‍ന്നത്. ഗ്രനേഡ് എറിഞ്ഞതിനു പിന്നാലെ പില്ലറില്‍ തട്ടി ഗ്രനേഡ് യുവാവിനു നേരെ വന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യില്‍വച്ചാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനസമയത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്കും ബന്ധുക്കള്‍ക്കുമാണ് പരുക്കേറ്റത്. രക്തപ്പുഴയില്‍ മുഖം കമിഴ്ത്തി കിടക്കുന്ന നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. യുവതിയും ബന്ധുക്കളും താ ചന ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ബ്രേക്കപ്പിനു രണ്ടുമാസം മുന്‍പാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്ന് മരിച്ച യുവാവിന്റെ അമ്മ പറയുന്നു. തന്റെ മകന്‍ ഇത്തരത്തില്‍ ഒരു അക്രമം നടത്തുമെന്ന് വിശ്വസിക്കാനാവില്ലെന്നും അമ്മ . യുവാവിന്റെ കാറില്‍ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പൊലീസ് പറയുന്നു.