ലോകത്ത് ഏറ്റവുമധികം കപ്പലുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പാനമയിലാണ്. എന്നാല്‍ ഒരു രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ചരക്കിന്റെ കണക്കെടുത്താല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യമായ ലൈബീരിയ മുന്നിലെത്തും. കാരണം ലോകത്തെ വലുപ്പമേറിയ കാര്‍ഗോ കപ്പലുകളില്‍ ഭൂരിഭാഗത്തിന്റേയും ‘ഫ്ലാഗ് സ്റ്റേറ്റ്’ ലൈബീരിയയാണ്. കപ്പലുടമകളും കപ്പല്‍ കമ്പനികളും സ്വന്തം കപ്പലുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന രാജ്യങ്ങളെയാണ് ഫ്ലാഗ് സ്റ്റേറ്റ് എന്നു വിളിക്കുന്നത്.

റജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തിന്റെ പതാകയാകും കപ്പലുകളില്‍ പാറുക. റജിസ്ട്രേഷനെടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ കപ്പലുകള്‍ക്കും ബാധകമായിരിക്കും. പതിറ്റാണ്ടുകളായി ലോകത്തെവിടെയുമുള്ള കപ്പലുകള്‍ക്കായി സ്വന്തം കപ്പല്‍ റജിസ്ട്രി മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന രാജ്യമാണ് ലൈബീരിയ. 

2025ലെ കണക്കുപ്രകാരം അയ്യായിരത്തിലേറെ കപ്പലുകള്‍ ലൈബീരിയ ഇന്റര്‍നാഷനല്‍ കോര്‍പ്പറേറ്റ് റജിസ്ട്രിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നികുതിഭാരം കുറയ്ക്കാന്‍ കേരളത്തില്‍ നിന്നുള്ള ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്യുന്നതുപോലെ ചെലവു കുറയ്ക്കാന്‍ തന്നെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ലൈബീരിയന്‍ റജിസ്ട്രേഷന്‍ എടുക്കുന്നത്.

ചട്ടങ്ങളിലെ ഇളവുകള്‍ മൂലം ലൈബീരിയയെ ‘ഫ്ലാഗ് ഓഫ് കണ്‍വീനിയന്‍സ്’ എന്നാണ് അറിയപ്പെടുന്നത്. കുറഞ്ഞ റജിസ്ട്രേഷന്‍ നികുതി, പരിസ്ഥിതി നിയമങ്ങളിലും ദേശീയ കപ്പല്‍ച്ചട്ടങ്ങളിലും തൊഴില്‍ നിയമങ്ങളിലുമുള്ള ഇളവുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ലോകത്ത് ഏറ്റവുമധികം ചരക്കുകപ്പലുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യവും ലൈബീരിയയാണ്. 

ENGLISH SUMMARY:

Panama is the country where the highest number of ships are registered in the world. However, when considering the total cargo handled by ships registered in a country, Liberia, a nation in West Africa, takes the lead. This is because the majority of the world’s largest cargo ships have Liberia as their "flag state." The term "flag state" refers to the country in which ship owners and shipping companies register their vessels.