ചിത്രം; ഇന്‍സ്റ്റഗ്രാം, നിഖിത കാചുക്
‘റഷ്യന്‍ ഹൾക്ക്’ എന്ന് വിളിപ്പേരുള്ള ബോഡിബിൽഡർ നികിത കാചുകിന് 35–ാം വയസ്സിൽ ദാരുണാന്ത്യം. മസിലുകള്‍ക്ക് ബലവും വലുപ്പവും കൂട്ടാനുള്ള കുത്തിവയ്പ്പെടുത്തതിനു പിന്നാലെയാണ് കാചുകിന് അകാലത്തില്‍ അന്ത്യം സംഭവിച്ചത്. കുത്തിവയ്പ്പിന്റെ ഫലമായി ശ്വാസകോശവും വൃക്കകളും തകരാറിലായതോടെ കാചുകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാക്കിയ കാചുകിന് ഹൃദയാഘാതം സംഭവിച്ചാണ് മരണം.
21–ാം വയസ്സിൽ 350 കിലോ ഡെഡ്‍ലിഫ്റ്റ്, 360 കിലോ സ്ക്വാട്ട്, 210 കിലോ ബെഞ്ച് പ്രസ് എന്നിവ പൂർത്തിയാക്കി റഷ്യയിലെ ‘മാസ്റ്റർ ഓഫ് സ്പോർട്സ്’ ചാംപ്യനായിരുന്നു കാചുക്. ബോഡിബില്‍ഡറായ ഭാര്യ മരിയയാണ് താരത്തിന്റെ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ട താരം മസിലുകള്‍ പെരുപ്പിക്കാനായി കുത്തിവയ്പ്പുകള്‍ എടുക്കുകയും കമ്പനിയുടെ പ്രൊഡക്ടുകള്‍ക്കായി പരസ്യം ചെയ്യുകയുമായിരുന്നു. മസില്‍ വലുപ്പം കൂടിയ ശേഷവും കരാറുള്ളതിനാല്‍ കാചുകിന് കുത്തിവയ്പ് തുടരേണ്ടിയും വന്നു. ആരോഗ്യം വഷളായിക്കൊണ്ടിരുന്ന താരത്തിന് കോവിഡ് കൂടി വന്നതോടെ മോശം സ്ഥിതിയിലേക്ക് മാറി. രോഗപ്രതിരോധ സംവിധാനം തകരാറിലാവുകയും കാലുകളിലുള്‍പ്പെടെ കാല്‍സ്യം അടിഞ്ഞുകൂടുകയും വലിയ തോതിലുള്ള നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്തു.
പിന്നാലെ കാചുകിന്റെ അരക്കെട്ടിലും വലിയ തോതില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥയുണ്ടായി. രക്തക്കുഴലുകളും വൃക്കകളും കാല്‍സ്യം അടിഞ്ഞ് ബ്ലോക്ക് ആയ അവസ്ഥയിലായിരുന്നെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.