beidau-china

TOPICS COVERED

ഇന്ത്യയോടേറ്റ വമ്പന്‍ പരാജയത്തിനു പിന്നാലെ പാക്കിസ്ഥാന് സാറ്റലൈറ്റ് പിന്തുണയും ഫൈവ് ജി സൗകര്യവും കൂട്ടാനൊരുങ്ങി ചൈന. മേയ് 16ന് ഇരു രാജ്യങ്ങളുടെയും സൈനികവക്താക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാലുദിവസത്തെ ഇന്ത്യയുമായുള്ള സൈനികസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട പാക്കിസ്ഥാന് ഊര്‍ജമേകാനുള്ള പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്. 

ചൈനയുടെ ബെയ്‌ദൂ ഉപഗ്രഹ സംവിധാനത്തിലേക്കുള്ള പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്സസ് ശക്തിപ്പെടുത്താനാണ് നിലവിലെ നീക്കം. ഇന്ത്യന്‍ ആയുധങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുംമേല്‍ പിടിച്ചുനില്‍ക്കാനാകാതെ പതറിപ്പോയ പാക്സൈന്യത്തിന് ഇനിയൊരാവശ്യം വരുമ്പോള്‍ കൈത്താങ്ങാകാനാണ് ബെയ്ദൂ ആക്സസ് ശക്തിപ്പെടുത്തുന്നത്. 

ചൈനയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനമായ ബെയ്ദൂ ആ രാജ്യത്തിന്റെ സാങ്കേതിക ശക്തിയുടെ അഭിമാന പ്രതീകം കൂടിയാണ്. ഇത് യുഎസിന്റെ ജിപിഎസ് (GPS), റഷ്യയുടെ ഗ്ലോണാസ് (GLONASS), യൂറോപ്യൻ യൂണിയന്റെ ഗലിലിയോ (Galileo) എന്നീ ഗ്ലോബൽ നാവിഗേഷൻ ഉപഗ്രഹ സമ്പ്രദായങ്ങളോടൊപ്പം ലോകമാകെ പ്രവർത്തിക്കുന്ന സംവിധാനമാണ്.എന്നാല്‍ ബെയ്ദൂ ഉപയോഗിക്കുന്നതില്‍ ഇന്ത്യ നേരത്തതന്നെ താല്‍പര്യം കാണിച്ചിട്ടില്ല.

എട്ട് സൈനിക ആസ്ഥാനങ്ങളില്‍ കയറി ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചിരുന്നു. ഉപഗ്രഹനീരീക്ഷണ പരിധി വര്‍ധിപ്പിച്ച് ഇന്ത്യന്‍ നീക്കങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരം നല്‍കുകയെന്നതാണ് പുതിയ നീക്കത്തിലൂടെ ചൈന നടത്തുന്നത്. നിരീക്ഷണ പരിധി കൂട്ടുന്നതിനൊപ്പം അപ്പോപ്പോഴുള്ള വിവരങ്ങള്‍ അറിയാന്‍ കൂടിയാണ് ഫൈവ് ജി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം സജീവമാക്കുന്നത്. 

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ചൈന പാകിസ്ഥാന് ആധികാരികമായി ഉപഗ്രഹ നിരീക്ഷണ സഹായം നൽകിയിരുന്നു. എന്നാല്‍ ചൈനീസ് സൈനിക ഉപകരണങ്ങളും സംവിധാനങ്ങളുമടക്കം നൽകിയിട്ടും അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. തദ്ദേശീയമായ ആയുധങ്ങളുള്‍പ്പെടെ പ്രയോഗിച്ചാണ് ഇന്ത്യ പാക്കിസ്ഥാനുപയോഗിച്ച ചൈനീസ് നിര്‍മിത ജെറ്റുകളെയും മിസൈല്‍ സംവിധാനങ്ങളേയും താറുമാറാക്കിയത്. 

എസ് 400 സംവിധാനം കൂടി ഇന്ത്യ പ്രയോഗിച്ചതോടെ പാക്കിസ്ഥാന്റെ ആകാശതന്ത്രങ്ങളെല്ലാം പാളുകയായിരുന്നു. അതിര്‍ത്തി മേഖലകളിലെ പാക്കിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി പത്ത് ഉപഗ്രഹവസംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. അയല്‍രാജ്യത്തിന്റെ കുതന്ത്രങ്ങള്‍ക്കുമേല്‍ കൃത്യമായ ആധിപത്യം നേടാന്‍ ഇന്ത്യയ്ക്കു സാധിച്ചതും ഇക്കാരണത്താലാണ്.     

ENGLISH SUMMARY:

Following a major defeat to India, China is preparing to enhance satellite support and provide 5G facilities to Pakistan. The decision was made during a meeting between military officials of both countries on May 16. After four days of military clashes with India, China is planning initiatives aimed at boosting the morale of a demoralized Pakistan.