ബ്രിട്ടനിലെ ‘നാരിയല്‍ പാനി’യുടെ വില്‍പന സോഷ്യല്‍മീഡിയയില്‍ വൈറലായി. ലണ്ടനിലാണ് ബ്രിട്ടീഷുകാരന്‍ ചേട്ടന്‍ തകൃതിയായി കരിക്കുവെള്ളം വില്‍പന നടത്തുന്നത്. ആവശ്യക്കാരെ ആകര്‍ഷിക്കുന്നതാവട്ടെ ഹിന്ദി പറഞ്ഞും. ‘ജല്‍ദീ ജല്‍ദീ, നാരിയല്‍ പാനീ’ അങ്ങനെ മൊത്തം ഒരു ഇന്ത്യന്‍ വൈബ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് പങ്കുവക്കപ്പെടുന്നത്.
കയ്യിലൊരു വാക്കത്തിയും കരിക്കുമായി കാറിനു പുറകില്‍ സജ്ജമാക്കിയ പ്രത്യേക ബോര്‍ഡിനു മുകളില്‍ വച്ചാണ് വില്‍പന നടത്തുന്നത്. കലര്‍പ്പില്ലാത്ത കരിക്കുവെള്ളം കുടിക്കാനായി ഓടിയെത്തുകയാണ് ആളുകള്‍. ‘ലേലോ...നാരിയല്‍ പാനീ പീലോ’എന്നു പറഞ്ഞാണ് ഇയാള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഒട്ടും സമയം കളയാതെ ആയുധമെടുത്ത് കരിക്കുചെത്തി ആളുകള്‍ക്ക് നല്‍കുന്നു. കരിക്കുചെത്തുന്നതും വില്‍പനയുമെല്ലാം തനി ഇന്ത്യന്‍ വേര്‍ഷനോടെയാണ് നടക്കുന്നത്.
44,000ത്തിലേറെ ലൈക്കുകളും 1.1മില്യണ്‍ വ്യൂസുമായി കരിക്കുചേട്ടന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ മുന്നേറുകയാണ്. ബ്രിട്ടീഷുകാരൊക്കെ നിലനില്‍പിനായി ഹിന്ദി പഠിച്ചുതുടങ്ങിയെന്നാണ് കമന്റുകള്‍. അദ്ദേഹം ബ്രിട്ടീഷ് പൗരനാണോ ആഫ്രിക്കന്‍ പൗരനാണോ തെക്കേ ഇന്ത്യക്കാരനാണോ അങ്ങനെ തുടങ്ങുന്നു സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍. അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം ലേബ്രോണ്‍ ജെയിംസിനെപ്പോലെയുണ്ടല്ലോ ഇദ്ദേഹത്തെ കാണാനെന്നും നിലവിലെ ജോലി ഇതാണോയെന്നുമൊക്കെ തമാശ പറയുന്നവരും നിരവധി. ഏതായാലും വിഡിയോയും കരിക്കുവില്‍പനക്കാരനും ഇതിനോടകം വൈറലായിക്കഴിഞ്ഞു.