nusraat-arrest

TOPICS COVERED

സിനിമയില്‍ ഷെയ്ഖ് ഹസീനയായി അഭിനയിച്ച നടി നുസ്രാത്ത് ഫാരിയയെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്. ‘മുജീബ്, ദ മേക്കിങ് ഓഫ് എ നാഷന്‍’എന്ന സിനിമയില്‍ ഹസീനയായെത്തിയ നടിയാണ് ധാക്ക ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വച്ച് പിടിയിലായത്. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനിടയാക്കിയ 2024ലെ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന കൊലപാതകശ്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രക്ഷോഭത്തിനിടെ ജൂലൈയിലാണ് ഒരു വിദ്യാര്‍ത്ഥിക്കുനേരെ കൊലപാതകശ്രമമുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട് നുസ്രാത്ത് ഉള്‍പ്പെടെ 17 അഭിനേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പാണ് കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസില്‍ നുസ്രത്തിനെ കോടതി പ്രതിസ്ഥാനത്ത് ചേര്‍ത്തതെന്നും അന്നുമുതല്‍ പൊലീസ് അറസ്റ്റിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും വതാര ഇന്‍സ്പെക്ടര്‍ സുജാന്‍ ഹഖ് പറഞ്ഞു. തായ്‌ലന്റിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ നടിയെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റെില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 

2015ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് നുസ്രാത്ത് അഭിനയരംഗത്ത് ശ്രദ്ധേയയാകുന്നത്. ഹീറോ 420, പ്രേമി ഓ പ്രേമി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജീവിത കഥ പ്രമേയമാക്കിയ മുജിബ്, ദ മേക്കിങ് ഓഫ് എ നാഷനില്‍ ഷെയ്ഖ് ഹസീനയായെത്തിയത് നുസ്രാത്ത് ആയിരുന്നു. ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത് ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്നുനിര്‍മിച്ച ചിത്രം 2023ലാണ് റിലീസ് ചെയ്തത്. ആ അവസരം ലഭിച്ചതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നായിരുന്നു അന്ന് നടി പ്രതികരിച്ചത്. ഇത്തരമൊരു ഭാഗ്യം ഇനിയാര്‍ക്കും കിട്ടാന്‍ സാധ്യതയില്ലെന്നും നുസ്രാത്ത് പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

Bangladeshi actress Nusraat Faria, known for her portrayal of Sheikh Hasina in the Bangabandhu biopic, 'Mujib: The Making of a Nation', has been arrested at Dhaka's Hazrat Shahjalal International Airport, Media says.