kim-kardashian

2016-ൽ തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവം കോടതിയില്‍ വിവരിക്കവേ വികാരാധീനയായി അമേരിക്കൻ റിയാലിറ്റി ഷോ താരവും മോഡലുമായ കിം കർദാഷിയാൻ. പാരീസിലെ കോടതിയില്‍ നേരിട്ടെത്തിയാണ് അവർ ജഡ്ജിക്ക് മുമ്പാകെ മൊഴി നൽകിയത്. പാരിസ് ഫാഷന്‍ വിക്കിനിടയ്​ക്ക് ആഡംബര ഹോട്ടലില്‍ വച്ചാണ് കിം കൊള്ളയടിക്കപ്പെട്ടത്. 

'രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പുറത്ത് ആരോ നടക്കുന്നതായി തോന്നി‌. പൊലീസ് യൂണിഫോമിലുള്ള പുരുഷന്മാരും കൈവിലങ്ങിട്ടനിലയിൽ മറ്റൊരാളും അകത്തേക്ക് വന്നു. കൈവിലങ്ങിട്ടിരുന്നയാൾ ഹോട്ടലിന്റെ ഒന്നാം നിലയിലെ സഹായി ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു. അയാളും തന്നെപ്പോലെ അക്രമികളുടെ ഇരയായിരുന്നു.

കൊള്ളക്കാർ പിന്നീട് കിടക്കയിലേക്ക് തള്ളിയിട്ട് മോതിരം ചോദിച്ചു. ഈ സമയത്ത് കുട്ടികളുണ്ടെന്നും വീട്ടിലെത്തണമെന്നുമാണ് സഹായിയോട് ആവശ്യപ്പെട്ടത്. എന്നാൽ നമ്മൾ മരിക്കുമോയെന്ന് അറിയില്ലെന്ന് മാത്രമാണ് സഹായി പറഞ്ഞത്. ഒരാൾ തലയ്ക്കുനേരെ തോക്കുചൂണ്ടി. മറ്റൊരാൾ വായിലും കൈകളിലും ടേപ്പ് ചുറ്റി. അയാൾ കാലുകൾ പിടിച്ചുവലിച്ചു. ന​ഗ്നയാക്കപ്പെട്ടു. ബലാത്സം​ഗം ചെയ്യപ്പെടാൻ പോകുകയാണെന്ന് ഉറപ്പിച്ചു,' കിം കോടതിയിൽ പറഞ്ഞു.

പുറത്തുപോയ സഹോദരി കോർട്ട്നി തിരിച്ചുവരുമ്പോൾ തന്റെ മൃതദേഹം കാണുമോ എന്ന് ഭയപ്പെട്ടുവെന്നും കിം പറഞ്ഞു. ഞാൻ ശരിക്കും മരിക്കുമെന്ന് കരുതിയിരുന്നു. ആഭരണങ്ങൾ എടുത്തശേഷം അവർ എന്നെ ബാത്ത്റൂമിൽ ഉപേക്ഷിക്കുകയായിരുന്നു. അവിടെവച്ചാണ് ബന്ധിച്ചിരുന്ന ടേപ്പുകൾനീക്കം ചെയ്തത്. താഴത്തെ നിലയിലുണ്ടായിരുന്ന സ്റ്റൈലിസ്റ്റിനെ വിവരമറിയിച്ചശേഷം പുറത്തൊരിടത്ത് ഒളിച്ചിരിക്കുകയായിരുന്നെന്നും കിം കർദാഷിയാൻ പറഞ്ഞു. അതേസമയം കേസിലെ പ്രധാന പ്രതിക്ക് കിം കോടതിയിൽവെച്ച് മാപ്പുനൽകി. 10 മില്യൺ ഡോളറിൻ്റെ ആഭരണങ്ങൾ (ഏകദേശം 85 കോടി ഇന്ത്യൻ രൂപ) ആണ് അന്ന് മോഷണംപോയത്. 

ENGLISH SUMMARY:

American reality star and model Kim Kardashian became emotional while testifying in court about the 2016 armed robbery in which she was held at gunpoint. She appeared in person before the judge in a Paris court. The incident took place during Paris Fashion Week, when she was staying at a luxury hotel and was robbed of nearly $10 million worth of jewelry.