ഇന്ത്യ–പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ കുടുങ്ങി പ്രശസ്ത അമേരിക്കന്‍ വ്ലോഗര്‍ ഡ്ര്യൂ ബിന്‍സ്കി. പാക്കിസ്ഥാന്‍ ആകാശപാത മൊത്തം അടച്ചതോടെയാണ് ബിന്‍സ്കിയ്ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനാവാതെ പ്രതിസന്ധിയിലായത്. പുറത്തുകടക്കാനാവാതെ പെട്ടുപോയ അവസ്ഥയിലാണെങ്കിലും താന്‍ സുരക്ഷിതനാണെന്നും ബിന്‍സ്കി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു.
വടക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൂടി പങ്കുവച്ചായിരുന്നു ബിന്‍സ്കിയുടെ പോസ്റ്റ്. തിരിച്ചുവരാന്‍ സാധിക്കുന്ന സാഹചര്യംവരെ ഇനി തന്റെ പോസ്റ്റിലൂടെ പാക്കിസ്ഥാന്‍ വിശേഷങ്ങള്‍ ആയിരിക്കും കാണാനാവുകയെന്നും ബിന്‍സ്കി. യുട്യൂബില്‍ അഞ്ച് മില്യണിലേറെയും ഇന്‍സ്റ്റഗ്രാമില്‍ 1.2മില്യണിലേറെയും ഫോളോവേഴ്സ് ഉള്ള വ്ലോഗറാണ് ബിന്‍സ്കി.
പാക് അധീന കശ്മീര്‍ മേഖലയിലാണ് ബിന്‍സ്കി നിലവില്‍ താമസിക്കുന്നത്. ഇസ്ലമാബാദില്‍ നിന്നും ഈയാഴ്ച അവസാനത്തോടെ യുഎസിലേക്ക് തിരിച്ചുപോവാനായിരുന്നു ബിന്‍സ്കിയുടെ പ്ലാന്‍ എ. ഇനി കാബൂളിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്ന് അവിടെനിന്നും യുഎസിലെത്താമെന്ന പ്ലാന്‍ബി പ്രതീക്ഷയിലാണ് വ്ലോഗര്‍.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിന്‍സ്കി ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ലണ്ടനില്‍ നിന്നും അമൃത്സറിലേക്കുള്ള തന്റെ യാത്ര ജീവിതത്തിലെ തന്നെ ദുരിതയാത്ര ആയിരുന്നുവെന്നാണ് ബിന്‍സ്കി അന്ന് പറഞ്ഞത്. ഏറ്റവും മോശം ബിസിനസ് ക്ലാസ് യാത്രയായിരുന്നുവെന്നും സീറ്റ് തകര്‍ന്നതായിരുന്നുവെന്നും തലമുടി നിറഞ്ഞ ഒരു തലയിണയ്ക്കുമുകളില്‍ വച്ചാണ് തനിക്ക് ഭക്ഷണം കഴിക്കേണ്ടിവന്നതെന്നും ഇയാള്‍ പറയുന്നു. പിന്നാലെ ഒരു മാസം കഴിഞ്ഞ് ഇന്ത്യയിലെ കടുത്ത ട്രാഫിക് ബ്ലോക്കിനെക്കുറിച്ചും ബിന്‍സ്കി കുറ്റപ്പെടുത്തിയിരുന്നു. 19 മണിക്കൂര്‍ കാറില്‍ ഇരിക്കേണ്ടിവന്നെന്നും ഇക്കാരണത്താല്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും ബിന്‍സ്കി കുറ്റപ്പെടുത്തി.