ഫയല്‍ ചിത്രം
കടന്നാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതോടെ പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ സായുധ സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിയ ആക്രമണത്തില്‍ പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ഇമ്രാന്‍ ഖാനെ മൊചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഹോറില്‍ മാര്‍ച്ച് നടത്തി. പാക് സൈന്യത്തിലും ഭിന്നത രൂക്ഷമാണ്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിെലടുത്തെന്നും സൈന്യത്തിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്‍റെ രാജി ആവശ്യപ്പെട്ടെന്നും സൂചന. ഷംഷദ് മിര്‍സ സൈനികമേധാവി സ്ഥാനം ഏറ്റെടുത്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതേസമയം ഇന്ത്യാ–പാക് അതിര്‍ത്തി പോരാട്ടം ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തിവരികയാണ്. അര്‍ധസൈനികവിഭാഗങ്ങളുടെ തലവന്‍മാര്‍ ആഭ്യന്തരമന്ത്രാലയത്തില്‍ എത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമിത് ഷായുടെ വസതിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കും.
ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രശ്നം വിലയിരുത്താന്‍ യോഗം ചേരുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി.
അതേസമയം ഇന്ത്യക്കെതിരെ ഭീഷണി തുടരുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യയ്ക്കെതിരായ ആക്രമണം വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അല്‍ജസീറ ചാനലിലൂടെയാണ് ആസിഫ് പ്രതികരണമറിയിച്ചത്. ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാക് പ്രതിരോധമന്ത്രി അവകാശവാദമുന്നയിച്ചു. അതേസമയം കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലിങ്ങില്‍ ആണ്‍കുട്ടി കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉറിയില്‍ നര്‍ഗീസ് എന്ന സ്ത്രീ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്, ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റതായും സൂചന.