പാക് അധീന കശ്മീരിന്റെ (PoK) തലസ്ഥാനമായ മുസാഫറാബാദിൽ ഇന്ത്യക്കെതിരായ പ്രതിഷേധത്തിനിടെ ആളുകൾ മുദ്രാവാക്യങ്ങൾ വിളിക്കുന്നു ( Sajjad QAYYUM / AFP)
ഇന്ത്യക്കെതിരെ കടുത്ത നടപടികളുമായി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. ഇതിനു പുറമെ ഇന്ത്യൻ പൗരന്മാർക്കുള്ള വീസ നൽകുന്നത് മരവിപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു.
ഷിംല കരാർ ഉൾപ്പെടെ എല്ലാ ഉഭയകക്ഷി കരാറുകളും മരവിപ്പിക്കുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി. സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഏകപക്ഷീയമായി മരവിപ്പിച്ചതിനെ പാക്കിസ്ഥാൻ ശക്തമായി അപലപിച്ചു. ജലം നിഷേധിക്കുന്നത് യുദ്ധസമാനമായി കണക്കാക്കുമെന്നും രാജ്യത്തെ സംരക്ഷിക്കാൻ സൈന്യം സജ്ജമാണെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.