ഒത്തുപിടിച്ചാല്‍ മലയും പോരും എന്നല്ലേ. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് അതിനൊരു ഉദാഹരണം അമേരിക്കയിലെ ഒരു കൊച്ചു ടൗണില്‍ നടന്നു. അമേരിക്കയിലെ ചെല്‍സിയയിലെ മിഷിഗണിനിലെ ഒരു കൊച്ചു പുസ്തശാലയാണ് പശ്ചാത്തലം. സെര്‍പെന്‍ഡിറ്റി ബുക്സ് അതാണ് കടയുടെ പേര്. 2017 മുതല്‍ പുസ്തകശാല ഇവിടെ പ്രവര്‍ത്തിക്കുന്നു. ഉടമയ്ക്ക് ബുക്ക് സ്റ്റോര്‍ 350 അടി അകലെയുള്ള മറ്റൊരിടത്തേക്ക് മാറ്റണം.
ഉടമ ടാനിയ ഇത് പ്രഖ്യാപിച്ചപ്പോള്‍ കടയ്ക്ക് മുന്നില്‍ പുസ്തകപ്രേമികളുടെ ഒരു ഒത്തുകൂടല്‍ നടന്നു. എന്തിനെന്നല്ലേ. പുസ്തകങ്ങള്‍ മാറ്റാന്‍ തങ്ങള്‍ക്ക് എന്ത് സഹായം ചെയ്യാനാകും എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അങ്ങനെ അവര്‍ ഒരുപായം കണ്ടെത്തി. മനുഷ്യചങ്ങല തീര്‍ത്ത് പുസ്തകങ്ങള്‍ മാറ്റാന്‍. പോസ്റ്റുകള്‍, ഫ്ലൈയറുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു.
പഴയ സ്ഥലത്തു നിന്ന് പുതിയ സ്ഥലത്തേക്കുള്ള നടപ്പാതയില്‍ വളണ്ടിയര്‍മാര്‍ രണ്ട് നിരകളിലായി നിന്നു. പുസ്തകങ്ങള്‍ പാസ് ചെയ്തു. 300 പേര്‍ ചേര്‍ന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് ഒന്‍പതിനായിരത്തി ഒരുനൂറ് പുസ്തകങ്ങള്‍ പുതിയ കടയിലെത്തിച്ചു. ഒത്തൂകുടലിന്റേയും ചിരിയുടേയും ഒരു മാജിക് ടച്ച് എന്നാണ് ഇതിനെ ടാനിയ വിശേഷിപ്പിക്കുന്നത്. ബുക്ക് ബ്രിഗേഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.