പതിനാറുകാരിയെ കല്യാണം കഴിച്ച ശേഷം, റിയാദിലെത്തിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ 2 വർഷത്തിന് ശേഷം കേരള പൊലീസ് സൗദിയിലെത്തി അറസ്റ്റ് ചെയ്തു. കേരള പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. തുടർന്ന് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയതോടെ സൗദി ഇന്റര്‍പോള്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചിരുന്നു. 

വധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പോക്സോ ചുമത്തിയത്. റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ 2022ലാണ് പതിനാറുകാരിയെ കല്യാണം കഴിച്ചത്. അവധിക്ക് നാട്ടിലെത്തിയ സമയത്തായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ഇയാൾ തിരികെ റിയാദിലെത്തി. ഇയാൾ റിയാദിലെത്തിയ ശേഷം, വധു യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് കൊടുക്കുകയായിരുന്നു.  

ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സൗദി പൊലീസ് ഇന്നലെ രാത്രി വിമാനത്തിൽ വച്ച് പ്രതിയെ കേരള പൊലീസിന് കൈമാറുകയായിരുന്നു.  മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി സുന്ദരന്‍, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ അഞ്ചു ദിവസം മുൻപാണ് പ്രതിയെ പിടികൂടാനായി റിയാദിൽ എത്തിയത്. യുവാവിനെ  എയർ ഇന്ത്യ എക്സ്പ്രസിലാണ് നാട്ടിലെത്തിച്ചത്. 

ENGLISH SUMMARY:

Malayali arrested for marrying 16-year-old girl