ജാഫര്‍ എക്സ്പ്രസില്‍ നിന്നും മോചിപ്പിച്ച ബന്ദികളെ ക്വറ്റ റെയില്‍വെ സ്റ്റേഷനിലെത്തിച്ചപ്പോള്‍.

പാക്കിസ്ഥാനുമായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ)യുടെ സ്ഥിരം ലക്ഷ്യങ്ങളിലൊന്നാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ട ജാഫര്‍ എക്സ്പ്രസ്. ക്വറ്റയിൽ നിന്ന് പഞ്ചാബിലേക്കും തിരിച്ചും പാക് സൈനികരുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന വണ്ടിയായതിനാലാണ് ബലൂചിസ്ഥാന്‍ കേന്ദ്രമായ സായുധ സംഘങ്ങളുടെ സ്ഥിരം ആക്രമണ ലക്ഷ്യങ്ങളിലൊന്നായി മാറുന്നത്. ഇതിന് പിന്നില്‍ ബിഎല്‍എയുടെ മജീദ് ബ്രിഗേഡാണെന്നും റിപ്പോര്‍ട്ടുകള്‍

ചൊവ്വാഴ്ച പാക്കിസ്ഥാന്‍ സമയം ഏകദേശം ഒരു മണിയോടെയാണ് സിബി ജില്ലയിലെ മഷ്കഫ് തുരങ്കത്തില്‍ ജാഫര്‍ എക്സ്രപ്രസ് ആക്രമിക്കപ്പെട്ടത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മലകളാല്‍ നിറഞ്ഞ പ്രദേശമാണ് സിബി. രാവിലെ ഒന്‍പതു മണിക്ക് ക്വറ്റയില്‍ നിന്നും പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിന്‍ 1600 കിലോ മീറ്റര്‍ സഞ്ചരിച്ച് 30 മണിക്കൂര്‍ യാത്രയ്ക്ക് ശേഷമാണ് പെഷവാറിലെത്തുന്നത്. എന്നാല്‍ 160 കിലോ മീറ്റര്‍  യാത്രയ്ക്ക് ശേഷം തന്നെ തീവണ്ടി ആക്രമിക്കപ്പെട്ടു. 

17 ടണലുകളാണ് ഈ മേഖലയിലെ റെയില്‍വേ പാളങ്ങളിലുള്ളത്. അതിദുര്‍ഘടപാതയായതിനാല്‍ വേഗംകുറച്ചാണ് ട്രെയിനുകള്‍ കടന്നു പോകുന്നതും. എട്ടാം നമ്പര്‍ ടണലിലെത്തിയപ്പോള്‍ ആയുധധാരികള്‍ ട്രെയിന് നേരെ വെടിവെയ്ക്കുകയും ആറോളം സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. റെയില്‍വെ ട്രാക്കില്‍ ബോംബ് സ്ഫോടനം നടത്തിയാണ് ബിഎല്‍എ ജാഫര്‍ എക്സ്പ്രസിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. 

ആക്രമണം ഇതാദ്യമല്ല

2018 ന്‍റെ അവസാന മാസങ്ങളിലും ജാഫര്‍ എക്സ്പ്രസിന് നേരെ വലിയ ആക്രമണം ഉണ്ടായിരുന്നു. റിമോട്ട് ബോംബാക്രണം നടത്താനുള്ള ശ്രമിച്ചെങ്കിലും ട്രെയിനെത്തുന്നതിന് 200 അടി മുന്‍പ് സ്ഫോടനം നടന്നതിനാലാണ് അന്ന് രക്ഷപ്പെട്ടത്. പാക്കിസ്ഥാന്‍ സേനാംഗങ്ങളെ കൊണ്ടുപോകുന്ന ട്രെയിനായതിനാല്‍ ബലൂച് ലിബറേഷൻ ആർമി, തെഹ്​രീക്-ഇ-താലിബാൻ പാകിസ്ഥാൻ തുടങ്ങിയ സായുധ സംഘങ്ങള്‍ ട്രെയിനിനെ ലക്ഷ്യം വെയ്ക്കാറുണ്ട്. 2023-ൽ, രണ്ട് മാസത്തിനുള്ളിൽ ഒരേ സ്ഥലത്ത് വെച്ച് രണ്ടുതവണയും ട്രെയിൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 

ജനുവരി 19 ന്, ബൊലാൻ ജില്ലയില്‍ ബോംബ് സ്ഫോടനത്തിൽ ട്രെയിൻ പാളം തെറ്റി 13 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. 

ട്രെയിന്‍ തട്ടിയെടുക്കാന്‍ കരുത്തരോ? ആരാണ് മജീദ് ബ്രിഗേഡ്

രണ്ട് പതിറ്റാണ്ടിലേറെയായി പരമ്പരാഗത ഗറില്ലാ തന്ത്രങ്ങള്‍ പിന്തുടര്‍ന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം നടത്തുന്നത്. 2018 മുതല്‍ ബിഎല്‍എ ചാവേർ ആക്രമണങ്ങളിലേക്ക് തിരിഞ്ഞു. 2018 ഓഗസ്റ്റില്‍ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ചൈനീസ് എന്‍ജീനീയര്‍മാരുടെയും നിക്ഷേപകരുടെയും വാഹനവ്യൂഹം ആക്രമിച്ചാണ് ചാവേര്‍ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയാണ് മജീദ് ബ്രിഡേഗിന്‍റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. 

2011-ൽ സ്ഥാപിതമായ മജീദ് ബ്രിഗേഡ്, ബിഎൽഎയുടെ പ്രത്യേക സേനാ വിഭാഗമാണ്. ചാവേർ ആക്രമണങ്ങളിലാണ് മജീദ് ബ്രി‍ഗേഡിന്‍റെ സ്പെഷലൈസേഷന്‍. 1974-ൽ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെ വധിക്കാൻ ശ്രമിച്ച അബ്ദുൾ മജീദ് ബലൂചിന്റെ ബഹുമാനാർത്ഥമാണ് ബ്രിഗേഡ് ഈ പേര് സ്വീകരിക്കുന്നത്. 

ENGLISH SUMMARY:

The Jaffar Express, which was attacked on Tuesday, is one of the regular targets of the Baloch Liberation Army (BLA), which is fighting against Pakistan. It becomes a frequent target of armed groups based in Balochistan because it is used for the travel of Pakistani soldiers to and from Quetta to Punjab. The BLA's Majeed Brigade is behind this.