train-pak

പാക്കിസ്ഥാനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്ത ട്രെയിനിലെ 190 ബന്ദികളെ സൈന്യം മോചിപ്പിച്ചു. 27 ഭീകരരെയും വധിച്ചു.  ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യം പിന്‍മാറിയില്ലെങ്കില്‍ കൂടുതല്‍ ബന്ദികളെ വധിക്കുമെന്ന് ബി.എല്‍.എ. മുന്നറിയിപ്പ് നല്‍കി. അതിനിടെ ട്രെയിന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബി.എല്‍.എ പുറത്തുവിട്ടു. മലയിടുക്കിലൂടെ ജാഫര്‍ എക്സ്പ്രസ് പോകുമ്പോള്‍ ട്രാക്കിനുസമീപം സ്ഫോടനം നടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ ഭീകരര്‍ ട്രെയിനിനുനേരെ നിറയൊഴിക്കുന്നതും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കരയിലൂടെയും വ്യോമാര്‍ഗവും നടത്തിയ സൈനിക നടപടിയിലൂടെയാണ് 190 ബന്ദികളെ മോചിപ്പിച്ചത്. മഷ്കഫ് തുരങ്കത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ജാഫര്‍ എക്സ്പ്രസില്‍ ബി.എല്‍.എ ബന്ദികളാക്കിയ മറ്റു യാത്രക്കാരെ മോചിപ്പിക്കാന്‍ തീവ്രശ്രമത്തിലാണ് സൈന്യം. കരമാര്‍ഗവും ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമണം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മനുഷ്യകവചമാക്കിയും ശരീരത്തില്‍ ബോംബ് കെട്ടിവച്ചു നീക്കത്തെ പ്രതിരോധിക്കുകയാണ് ഭീകരര്‍.  സൈന്യം പിന്‍മാറിയില്ലെങ്കില്‍ 10 ബന്ദികളെ കൂടി വധിക്കുമെന്നാണ് ബി.എല്‍.എയുടെ മുന്നറിയിപ്പ്.  

സൈന്യത്തിന്‍റെ നീക്കം നിരുത്തരവാദപരമാണെന്നും ബി.എല്‍.എ പ്രതികരിച്ചു. ട്രെയിനിലെ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 10 ബന്ദികളും 11 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ട്രെയിനില്‍ എത്രപേര്‍ ഉണ്ടെന്നതില്‍ അവ്യക്തത തുടരുകയാണ്. 214 പേര്‍ കസ്റ്റഡിയില്‌‍ ഉണ്ടെന്നാണ് ബി.എല്‍.എ പറയുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടാവുമെന്ന് റെയില്‍വെയും സൂചിപ്പിക്കുന്നു. 48 മണിക്കൂറിനകം പാക് ജയിലിലുള്ള ഭീകരരെയും രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നാണ് ബി.എല്‍.എയുടെ അന്ത്യശാസനം. ചൈനയും പാക്കിസ്ഥാനും ബലൂച് മണ്ണില്‍നിന്ന് പുറത്തുപോകണം എന്നുപറയുന്ന ഒരു വീഡിയോയും ബലൂച് ലിബറേഷന്‍ ആര്‍മിയുടെ പേരില്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്‍റെ ആധികാരികത വ്യക്തമല്ല.

ENGLISH SUMMARY:

The army has freed 155 hostages from a train hijacked by the Baloch Liberation Army in Pakistan. The encounter is ongoing. The BLA has warned that more hostages will be killed if the army does not withdraw.