പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത് 180 യാത്രക്കാരെ ബന്ദികളാക്കി. വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി ഉത്തരവാദിത്തമേറ്റെടുത്തു. റാഞ്ചല്‍ ശ്രമം തടഞ്ഞ 11 സുരക്ഷാ സൈനികരെ വധിച്ചെന്ന് ബി.എല്‍.എ അറിയിച്ചു. ട്രെയിനിലെ 80 പേരെ സൈന്യം മോചിപ്പിച്ചു.
ഇന്ന് രാവിലെ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസാണ് ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തത്. ട്രെയിന്‍ തടഞ്ഞ് ഉള്ളില്‍ കയറിയ സായുധസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ലോക്കോ പൈലറ്റിന് പരുക്കേറ്റതോടെ ട്രെയിന്‍ മലയിടുക്കിന് സമീപമുള്ള തുരങ്കത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.
450ല്‍ അധികം യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു എന്നാണ് പാക് റെയില്‍വെ പറയുന്നത്. എന്നാല്‍ 180 പേരാണ് തടവിലുള്ളതെന്ന് ബി.എല്‍.എ അറിയിച്ചു. ട്രെയിനിലെ 80 പേരെ സൈന്യം മോചിപപിച്ചു. 43 പുരുഷന്മാരെയും 26 സ്ത്രീകളേയും 11 കുട്ടികളേയുമാണ് മോചിപ്പിച്ചത്.
മലമ്പദ്രേശമായതിനാല്‍ സൈന്യത്തിന് വേഗത്തില്‍ സ്ഥലത്തെത്താനാവുന്നില്ല. ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ബന്ദികളെ വധിക്കുമെന്ന് അക്രമികള്‍ മുന്നറിയിപ്പു നല്‍കിയതോടെ നീക്കം ഉപേക്ഷിച്ചു. ഭക്ഷണമുള്‍പ്പെടുയുള്ള സഹായങ്ങളുമായി ഒരു ട്രെയിന്‍ പുറപ്പെട്ടുവെന്ന് പാക് അധികൃതര്‍ അറിയിച്ചു. ഈ ട്രെയിനില്‍ കമാന്‍ഡോകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്താണ് ബി.എല്‍.എയുടെ ആവശ്യമെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ബലൂചിസ്ഥാന്‍ എന്ന സ്വതന്ത്ര പ്രദേശത്തിനായി വാദിക്കുന്ന തീവ്ര സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി.