വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഇന്ന് സൗദിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തും. യാത്രാരേഖകള്‍ ശരിയായതോടെയാണ് നാട്ടിലേക്ക് വരാനായത്. 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രണ്ടര വർഷം മുൻപ് ഇഖാമ കാലാവധി തീർന്നതോടെയാണ് സൗദിയിൽ യാത്രാവിലക്ക് നേട്ടത്.ഏഴ് വർഷം മുന്‍പാണ് അബ്ദുല്‍ റഹീം നാട്ടില്‍വന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹിം നാട്ടിലേക്കു തിരിക്കാനായത്. കൊലപാതകപരമ്പരയിൽ, കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഇന്ന് തീരുമാനമായേക്കും. വൈകിട്ട് വരെയാണ് നിരീക്ഷണം പറഞ്ഞിരിക്കുന്നത്. മെഡിക്കൽ ബോർഡ് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. ഇതോടെ മെഡിക്കൽ കോളജിലെ ജയിൽ വാർഡിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും ജയിലിലേക്കാണ് മാറ്റുന്നത്.
അടുത്ത ആഴ്ചയോടെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതേ സമയം കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട ഷെമീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് മരണമൊഴി എന്ന രീതിയിലാവും രേഖപ്പെടുത്തുക. എന്നാൽ കൂട്ടക്കൊല നടന്ന വിവരമോ അഫാൻ പൊലീസ് പിടിയിലായതും ഇളയ മകൻ അഫ്സാൻ കൊല്ലപ്പെട്ടതും ഷെമീന അറിഞ്ഞിട്ടില്ല. അതിനാൽ അപകട നില തരണം ചെയ്യുന്ന ഘട്ടത്തിൽ വിശദമായ ചോദ്യം ചെയ്യൽ എങ്ങിനെ നടത്തുമെന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.