ഓപ്പണ്‍ എഐ സിഇഒ സാം ഓൾട്ട്മാന് ആണ്‍കുഞ്ഞ് ജനിച്ചു. ആദ്യകുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത ഓൾട്ട്മാന്‍ എക്സിലൂടെ പങ്കുവച്ചു. ഇത്രയും സ്നേഹവും സന്തോഷവും ഇതുവരെയും അനുഭവിച്ചിട്ടില്ലെന്ന് ഓൾട്ട്മാന്‍ പോസ്റ്റില്‍ കുറിച്ചു. ഒലിവര്‍ മുല്‍ഹെരിന്‍ ആണ് ഓൾട്ട്മാന്റെ പങ്കാളി. എന്‍ഐസിയുവില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഓൾട്ട്മാന്‍. പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പം നേരത്തേയാണ് കുഞ്ഞിന്റെ ജനനമെന്നും അതുകൊണ്ടാണ് എന്‍ഐസിയുവില്‍ കഴിയേണ്ടിവരുന്നതെന്നും സിഇഒ പറയുന്നു.
പോസ്റ്റിനു പിന്നാലെ കമന്റ്ബോക്സില്‍ അഭിനന്ദന പ്രവാഹമാണ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയാണ് ഓൾട്ട്മാന് ആദ്യം അഭിനന്ദനവുമായെത്തിയത്. രക്ഷാകര്‍തൃത്വം ലോകത്തിലെ ഏറ്റവും നല്ല അനുഭവമാണെന്നും സാമിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും സത്യ നാദെല്ല കുറിച്ചു. കഴിഞ്ഞ വര്‍ഷമാദ്യമായിരുന്നു സാം തന്റെ ആണ്‍സുഹൃത്തായ മുല്‍ഹെരിനെ വിവാഹം ചെയ്തത്. ഇരുവരുടെയും മോതിരകൈമാറ്റം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് മാധ്യമശ്രദ്ധ അധികം കിട്ടാത്ത തരത്തിലായിരുന്നു ഇരുവരുടെയും സ്വകാര്യജീവിതം.
ഈ വര്‍ഷം ജനുവരിയില്‍ ഓള്‍ട്ട്മാന്‍ ആദ്യകുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന തരത്തില്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ചിലായിരുന്നു കുഞ്ഞിന്റെ വരവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അല്‍പം നേരത്തേയാവുകയാണ് ചെയ്തത്.