രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതോടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി. റോമിലെ ജമേലി ആശുപത്രയില്‍ കഴിയുന്ന പോപ്പിന്‍റെ ആരോഗ്യത്തിനായി ലോകത്തിന്‍റെ വിധയിടങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തി. ശ്വാസനാളത്തിലെ പോളി മൈക്രോബിയല്‍ അണുബാധയ്ക്ക് ചികില്‍സിക്കുന്നതിനുള്ള ആന്‍റി ബയോട്ടിക് കോര്‍ട്ടിസോണ്‍ തെറാപ്പി കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ടാണ് ഇരുശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചത്.
ചികില്‍സാരീതിയില്‍ മാറ്റം വരുത്തിയെന്നും എന്നാല്‍ മാര്‍പ്പാപ്പയുടെ പ്രായം പ്രശ്നമാണെന്നും ജമേലി ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ശ്വാസനാളത്തിലെ വീക്കം മൂലം ശ്വാസംമുട്ടലും നെഞ്ചുവേദനയും പോപ്പിനുണ്ട്. 88കാരനായ പോപ്പിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോപ്പിന് ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. പോപ്പിന്‍റെ അസാന്നിധ്യത്തില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മുഖ്യകാര്‍മികനാകും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയിലും പകല്‍സമയത്ത് പോപ്പ് പ്രാര്‍ഥനിയിലും വായനയിലും മുഴുകിയെന്ന് വത്തിക്കാന്‍ അറിയിച്ചു. വിശ്വാസികളോട് നന്ദി അറിയിച്ച പോപ്പ് പ്രാര്‍ഥന തുടരണമെന്നും അഭ്യര്‍ഥിച്ചു.
റോമിലെ ആശുപത്രിക്ക് മുന്നില്‍ പ്രാര്‍ഥനയുമായി ആയിരങ്ങള്‍ അണിചേര്‍ന്നു. അര്‍ജന്‍റീനയില്‍ പോപ്പിനായി പ്രത്യേക വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. 2013ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ചുമതലേയറ്റത്.