റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് റഷ്യ ഉന്നത തല ചർച്ച വിജയമെന്ന് റഷ്യ. ട്രംപ് – പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കാന്‍ ധാരണയായി. യുദ്ധം അവസാനിപ്പിക്കാന്‍ റിയാദില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമായിരുന്നെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. യുക്രെയിൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം യുഎസ് റഷ്യ ബന്ധം പുനസ്ഥാപിക്കുകയാണ് ചർച്ചയിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. യുക്രെയിനെയും യൂറോപ്യൻ യൂണിയനെയും മാറ്റിനിർത്തിയായിരുന്നു ചർച്ച.
റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്റെ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച. ചർച്ചയിൽ അമേരിക്കൻ പ്രസിഡൻര് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് മധ്യേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസുമാണ് പങ്കെടുത്തത്.
റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിന്റെ പ്രതിനിധികളായി വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷക്കോവും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം റഷ്യയുമായുള്ള ബന്ധം പുനസ്ഥാപിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ട്രംപും പുടിനും തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്കും റിയാദിലെ ഉന്നതതലയോഗം വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം യുക്രെയിൻ വിഷയത്തിൽ ജോ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടക്കുകയാണ് റഷ്യയുടെ പ്രാഥമിക ലക്ഷ്യം. സമാധാനചർച്ചകളുടെ പ്രധാന ഉപാധികളും ഇതിൽ ഊന്നിയാകും. യുക്രെയിന്റെ പങ്കാളിത്തമില്ലാതെ എടുക്കുന്ന ഒരു തീരുമാനവും അംഗീകരില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി. നാളെ സെലെൻസ്കി റിയാദിലെത്തും.
അതേസമയം ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് മധ്യസ്ഥസ്ത നീക്കമെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് സൗദി ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.