എബോണി, സോഷ്യല്‍മീഡിയ
ശ്രീലങ്കയില്‍വച്ച് ബ്രിട്ടീഷ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറായ 24കാരി മരിച്ചതിനു പിന്നാലെ ഒരു ജര്‍മന്‍ വനിതയ്ക്കും ദാരുണാന്ത്യം. അവധിക്കാലം ആഘോഷിക്കാനെത്തിയ യുവ ബ്രിട്ടീഷ് ഫാഷന്‍ ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍ എബോണി മക്കിന്റോഷ് താമസിച്ചിരുന്ന അതേ ഹോസ്റ്റല്‍ മുറിയിലാണ് ജര്‍മന്‍ വിനോദസഞ്ചാരിയായ യുവതിയും താമസിച്ചത്. രണ്ടു യുവതികളുടെയും മരണകാരണം മുറിയില്‍ കാണുന്ന മൂട്ടയെ തുരത്താന്‍ ഉപയോഗിക്കുന്ന കീടനാശിനിയാണെന്നാണ് റിപ്പോര്‍ട്ട്.
നിഗൂഢരോഗം ബാധിച്ച് യുവതി മരിച്ചു എന്ന തരത്തിലായിരുന്നു എബോണിയുടെ മരണവാര്‍ത്ത നേരത്തേ പുറത്തുവന്നത്. എന്നാല്‍ സമാനമായ രീതിയില്‍ മറ്റൊരു മരണം കൂടി സംഭവിച്ചതോടെ കാര്യങ്ങളുടെ ഗതി മാറുകയായിരുന്നു. എബോണി താമസിച്ച മിറാക്കിള്‍ കൊളംബോ സിറ്റി ഹോസ്റ്റലിലാണ് ജര്‍മന്‍ വനിതയും താമസിച്ചിരുന്നത്. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഹോസ്റ്റല്‍ താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇവര്‍ താമസിക്കാനെത്തുന്നതിനു മണിക്കൂറുകള്‍ മുന്‍പ് കട്ടിലുകളില്‍ കാണുന്ന മൂട്ടകളെ തുരത്താനായി ശക്തമായ കീടനാശിനികള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ ഏത് തരത്തിലുള്ള കീടനാശിനികളാണെന്നുള്ള വിവരങ്ങളൊന്നും ഇതുവരേയും പുറത്തുവന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടുള്‍പ്പെടെ ലഭിച്ചാലേ കൃത്യമായ മരണകാരണം അറിയാന്‍ സാധിക്കുള്ളൂ.