കിടാവിന്റെ തോൽ ഉപയോഗിച്ച് നിർമിച്ച പേജുകൾ, ഭൂമിയിൽ ഒരിടത്തും ഇന്നേ വരെ കണ്ടിട്ടില്ലാത്ത ചെടികൾ, ലോകത്തിലെ ഒരു ഭാഷാഗോത്രത്തിൽപ്പോലും പെടാത്ത അക്ഷരങ്ങൾ, പറഞ്ഞുവരുന്നത് കോൺസ്പിരസി തിയറിക്കാർ അന്യഗ്രഹജീവികളുടേത് എന്ന് പോലും വാദിക്കുന്ന, ലോകത്തെ ഏറ്റവും വിചിത്രവും നിഗൂഢവുമായ ഒരു പുസ്തകത്തെപ്പറ്റിയാണ്, ഇന്ന് ലോകം ഭരിക്കുന്ന അഡ്വാൻസ്ഡ് AI ടൂളുകളെപ്പോലും തോൽപ്പിച്ച പുസ്തകം, 'വോയ്നിച്ച് മാനുസ്ക്രിപ്റ്റ്'.
രണ്ടാം ലോകമഹായുദ്ധകാലത്തെ രഹസ്യ കോഡുകൾ അഴിച്ചെടുത്ത മിലിട്ടറി ജീനിയസുകൾ മുതൽ ഭൂമിയിലെ ഏത് പുരാതന ഭാഷയും കോഡും നിമിഷനേരം കൊണ്ട് ഡീകോഡ് ചെയ്തെടുക്കുന്ന AI പോലും ശ്രമിച്ചിട്ടും ഇതിലെ ഒരൊറ്റ വാക്കിന്റെ അർഥം പോലും ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
1912-ൽ ഇറ്റലിയിലെ ഒരു ജൂതപ്പള്ളിയിൽ നിന്നാണ് വിൽഫ്രിഡ് വോയ്നിച്ച് എന്ന പുസ്തക വ്യാപാരി 600 വർഷം പഴക്കമുള്ള ഈ വിചിത്ര ഗ്രന്ഥം കണ്ടെത്തുന്നത്. കാർബൺ ഡേറ്റിങ് പരിശോധനയിലൂടെ ശാസ്ത്രജ്ഞർ ഇത് എഴുതപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത് 1404-നും 1438-നും ഇടയിലാണെന്ന് കണ്ടെത്തി. ഏകദേശം 240 പേജുകളുള്ള ഈ പുസ്തകത്തിന്റെ ആദ്യ പേജ് തുറന്നാൽ തന്നെ നമ്മെ കാത്തിരിക്കുന്നത് കടുത്ത നിഗൂഢതകളാണ്. കാരണം, ഇതിൽ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളോ ലിപികളോ ലോകത്ത് ഇന്നേവരെ ഒരു മനുഷ്യനും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു വിചിത്ര ഭാഷയിലാണ്! എന്നുവെച്ച് ഇത് വെറുതെ ആരോ കുത്തിവരച്ചിട്ടതല്ല. ഇടതുവശത്തുനിന്ന് വലത്തോട്ട് വളരെ വൃത്തിയായി എഴുതിയിരിക്കുന്നു. അതായത്, എഴുതിയ ആൾക്ക് ഈ ഭാഷയിൽ വലിയ പ്രാവീണ്യമുണ്ടായിരുന്നു എന്ന് തോന്നും.
ഇനി ഇതിനേക്കാൾ വലിയ മിസ്റ്ററി, ഈ പുസ്തകത്തിൽ വരച്ചിരിക്കുന്ന നൂറുകണക്കിന് വിചിത്രമായ ചിത്രങ്ങളാണ്. ഇതിന്റെ ഉള്ളടക്കം അനുസരിച്ച് പുസ്തകത്തെ പ്രധാനമായും നാലോ അഞ്ചോ ഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത് സസ്യശാസ്ത്രമാണ്. പുസ്തകത്തിൽ നിറയെ ചെടികളുടെ ചിത്രങ്ങളുണ്ട്. എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, ഇതിൽ വരച്ചിരിക്കുന്ന ഭൂരിഭാഗം ചെടികളും നമ്മുടെ ഭൂമിയിൽ എവിടെയും ഉള്ളതല്ല. രണ്ടു വ്യത്യസ്ത ചെടികളുടെ ഭാഗങ്ങൾ കൃത്രിമമായി കൂട്ടിയോജിപ്പിച്ചതുപോലെയുള്ള ഏതോ വിചിത്ര രൂപങ്ങൾ.
അടുത്തത് ജ്യോതിശാസ്ത്രമാണ്. സൂര്യൻ, ചന്ദ്രൻ, പിന്നെ നമ്മൾ ഇതുവരെ ദൂരദർശിനികളിലൂടെ പോലും കാണാത്ത നക്ഷത്രക്കൂട്ടങ്ങളുടെ ഭൂപടങ്ങൾ. ഇതിൽ രാശിചക്രങ്ങളുടെ കൃത്യമായ ചിത്രങ്ങളും കാണാം. എന്നാൽ ഏറ്റവും വിചിത്രമായ ഭാഗം ഇതിലെ ജീവശാസ്ത്രമാണ്. വിചിത്രമായ ട്യൂബുകളിലൂടെയും പൈപ്പുകളിലൂടെയും ഒഴുകുന്ന പച്ചനിറത്തിലുള്ള ദ്രാവകത്തിൽ നഗ്നരായ സ്ത്രീകൾ കൂട്ടത്തോടെ കുളിക്കുന്ന ചിത്രങ്ങളാണ് ഇവിടെ ഉള്പ്പെടുത്തിയിരിക്കുന്നത്. ഇത് മനുഷ്യന്റെ ആന്തരിക അവയവങ്ങളെ സൂചിപ്പിക്കുന്നതാണോ അതോ മറ്റെന്തെങ്കിലും രഹസ്യമാണോ എന്നൊന്നും ആർക്കും അറിയില്ല. കൂടാതെ, രോഗങ്ങൾ മാറ്റാനുള്ള മരുന്നുകളും ലായനികളും സൂക്ഷിക്കുന്ന വിചിത്ര ഭരണികളുടെ ചിത്രങ്ങളുമുണ്ട്. ചുരുക്കത്തിൽ, പ്രകൃതി രഹസ്യങ്ങൾ, ആൽക്കെമി അഥവാ രസവാദം, ആയുസ്സ് കൂട്ടാനുള്ള വിദ്യകൾ എന്നിവയെക്കുറിച്ചുള്ള ഒരു പുരാതന എൻസൈക്ലോപീഡിയയാണ് ഇതെന്ന് കരുതപ്പെടുന്നു.
ഇത്തരം അറിവുകൾ ലോകത്തുനിന്ന് മറച്ചുവെക്കാൻ അന്നത്തെ ഏതെങ്കിലും ഒരു രാജാവ് അല്ലെങ്കിൽ ശാസ്ത്രജ്ഞൻ സ്വന്തമായി നിർമ്മിച്ച ഒരു രഹസ്യ കോഡ് ആകാം ഇതിലെ ഭാഷയെന്നുമാണ് ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ AI പോലുള്ള സാങ്കേതികവിദ്യകൾ കൂടെ പരാജയപ്പെട്ടതോടെ, ഗൂഢാലോചന സിദ്ധാന്തക്കാർ തലപൊക്കി. അവര് അവകാശപ്പെടുന്നത് ഇത് ഭൂമിയിലെ മനുഷ്യൻ എഴുതിയതല്ല, മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂമി സന്ദർശിച്ച അന്യഗ്രഹജീവികൾ അവരുടെ അറിവുകൾ ഇവിടെ കുറിച്ചുവെച്ചു എന്നാണ്.
നിലവിൽ ഈ പുസ്തകം അമേരിക്കയിലെ പ്രശസ്തമായ യേൽ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിൽ അതീവ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യബുദ്ധിയെയും ആധുനിക സാങ്കേതികവിദ്യയെയും ഒരേപോലെ വെല്ലുവിളിക്കുന്ന ഈ രഹസ്യ പുസ്തകത്തിന്റെ കോഡ് എന്നെങ്കിലും അഴിക്കപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?