അസാധാരണമായ കേൾവിശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ഒരു യുവാവിന്റെ ഉദ്വേഗജനകമായ കഥ പറയുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. സംഗീത് പ്രതാപ് നായകനായെത്തുന്ന ചിത്രം ഒക്ടോബർ 15 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ മനോരമമാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നിലീൻ സാന്ദ്രയാണ്. മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. എന്നാൽ ആ തിരിച്ചുവരവിനൊപ്പം സാധാരണ മനുഷ്യർക്കില്ലാത്ത അതീന്ദ്രിയമായ കേൾവിശക്തി കൂടി അയാൾക്ക് ലഭിക്കുകയാണ്. കണ്ണുതുറന്നപ്പോൾ ചുറ്റുമുള്ള ലോകം തീവ്രമായ ശബ്ദങ്ങളായി മാറിയ ആ യുവാവ്, പിന്നീട് ചെന്നെത്തുന്നത് ഒരു നഴ്സിന്റെ ശബ്ദത്തിലേക്കും അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന രഹസ്യങ്ങളിലേക്കുമാണ്.
പശ്ചാത്തല ഘടകം എന്നതിലുപരി, ശബ്ദം - സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിത്തന്നെ മാറുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. സാധാരണ കേൾവിപരിധികൾക്കപ്പുറമുള്ള ശബ്ദങ്ങൾ തിരിച്ചറിയുന്ന നായകന്റെ കാഴ്ചപ്പാടിലൂടെയാണ് പ്രേക്ഷകരും ഈ നിഗൂഢതകളിലേക്ക് സഞ്ചരിക്കുന്നത്. സംഗീത് പ്രതാപ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഫാന്റസിയും മിസ്റ്ററിയും വികാരനിർഭരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഈ ചിത്രം.