ഗിരീഷ് എഡി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസിന് പിന്നാലെ ബികെയുവിലെ റഫറന്‍സുകളാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. പ്രേക്ഷകര്‍ ശ്രദ്ധിച്ചതും ശ്രദ്ധിക്കാത്തതുമായ എണ്ണിയാലൊടുങ്ങാത്ത റഫറന്‍സാണ് ബെത്ലഹേം കുടുംബ യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതും സിനിമകളിലേത് മാത്രമല്ല, ഷോട്ട് ഫിലിമുകളും യൂട്യൂബര്‍മാരും ടിക്ക് ടോക്ക് താരങ്ങളും ഉള്‍പ്പെടെയുള്ളവരുടെ റഫറന്‍സുകള്‍ ചിത്രത്തിലുണ്ട്. അത്തരത്തിലുള്ള 21 റഫറന്‍സുകള്‍ ഇതാ.
1. 'അവന്‍റെ തലയിലെന്താടാ മരക്കൊത്തിയെപ്പോലെ ചുവന്ന കെട്ട്': ഷോർട്ട് ഫിലിം ഷൂട്ടിനിടെ ജസ്റ്റിൻ ജോയലിനെ നോക്കി പറയുന്ന ഈ പരാമർശം 'പട്ടണപ്രവേശം' സിനിമയിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിനെ ഓർമിപ്പിക്കുന്നു.
2. 'ചേട്ടാ, ബ്രേക്ക് ഒന്ന് അപ്ലൈ ചെയ്തേക്ക്': ഗ്ലിക്സൺ പറയുന്ന ഈ ഡയലോഗ് 'മായാവി'യിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്നതാണ്.
3. 'അയ്യപ്പാ': ജോയലിന്റെ ആക്ഷൻ എന്ന പ്രയോഗത്തിന് പകരം 'അയ്യപ്പാ' എന്ന് പറയുന്ന രംഗം പൃഥ്വിരാജ് ചിത്രം 'ഹീറോ'യിലെ തലൈവാസൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
4. 'ഐറ്റം യമണ്ടനാ, കേൾക്കുമ്പോൾ തന്നെ ഞാൻ ചാർജാവുന്നുണ്ട്': 'ഹീറോ' സിനിമയിൽ അനൂപ് മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗാണ് ഇവിടെ റഫറൻസായി ഉപയോഗിച്ചിരിക്കുന്നത്.
5. 'എങ്ക മാതിരി പസങ്കളെ പാത്താ പുടിക്കാത്, പാക്ക പാക്ക താൻ പുടിക്കും': ഗ്ലിക്സൺ പറയുന്ന ഈ തമിഴ് ഡയലോഗ് ധനുഷ് ചിത്രം 'പടിക്കാതവൻ' എന്ന സിനിമയിലെ സംഭാഷണത്തെ ഓർമിപ്പിക്കുന്നു.
6. 'ഇപ്പ തരാം, എന്നാ പിന്നെ തരാം': ബസ് കണ്ടക്ടറോട് ഗ്ലിക്സൺ പറയുന്ന ഈ ഡയലോഗ് 'മീശ മാധവൻ' സിനിമയിൽ മാള അരവിന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണ്.
7. 'ചിരിക്കുവാണോ കരയുവാണോ': റിയ പറയുന്ന ഈ ഡയലോഗ് 'പുലിവാൽ കല്യാണം' സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റേതാണ്.
8. 'ദേ ചേട്ടൻ പിന്നേം': ദേവദത്ത് പറയുന്ന ഈ സംഭാഷണം 'ചുണ്ണാമ്പ്' എന്ന ഷോർട്ട് ഫിലിമിലെ ഡയലോഗിനെ ഓർമിപ്പിക്കുന്നു.
9. സംഗീത് പ്രതാപിന്റെയും കൂട്ടുകാരുടെയും നൃത്തം: എട്ടുവർഷം മുൻപ് കോട്ടയം വൈക്കം കൊതോറയിലെ പള്ളിയിലെ വാർഷികാഘോഷത്തിനിടെ അവതരിപ്പിച്ച നൃത്തത്തിന്റെ പുനരാവിഷ്കാരമാണ് ഈ രംഗം.
10. 'ചെറുപ്പുളശേരിക്കാരൻ എണീക്ക്': ദേവദത്ത് പറയുന്ന ഈ ഡയലോഗ് 'റാംജിറാവു സ്പീക്കിങ്ങി'ൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണമാണ്.
11. 'ദൈവം പോലും കരഞ്ഞുപോവൂടോ': ഗ്ലിക്സൺ പറയുന്ന ഈ ഡയലോഗ് ടിക് ടോക് താരം അമ്പിളിയുടെ ടിക് ടോക് വിഡിയോ റഫറൻസാണ്.
12. 'വിഷ്ണു': ഷോർട്ട് ഫിലിം ഷൂട്ടിനിടെ കേൾക്കുന്ന ഈ വിളി 'വിപ്രണാശം' എന്ന ഷോർട്ട് ഫിലിമിലെ ഡയലോഗിനെ ഓർമിപ്പിക്കുന്നു.
13. 'കാട്ടുമരുന്നൊന്നും സെയ്തില്ലേ': 'ഓർക്കിഡ് പൂക്കൾ പറഞ്ഞ കഥ' എന്ന ഷോർട്ട് ഫിലിമിലെ സംഭാഷണമാണ് ഈ രംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
14. ജസ്റ്റിന്റെ സ്മോക്കി ചിക്കൻ: 'പവിത്രം' സിനിമയിലെ ഉണ്ണി മധുരം
15. 'എല്ലാവർക്കും ഓരോ സിംഗിൾ ലൈഫുണ്ട്': അലൻ ജോസ് പെരേരയുടെ പാട്ടുമായി ബന്ധപ്പെട്ട റഫറൻസ്
16. 'വെടിവെച്ചാൽ പൊട്ടാത്ത കരിമ്പാറയെ നീ കുലുക്കി': രേഷ്മ പറയുന്ന ഈ വരികൾ 'സ്ഫടികം' സിനിമയിലെ ഡയലോഗിനെ ഓർമിപ്പിക്കുന്നു.
17. 96 സിനിമയിലെ തൃഷ: രേഷ്മ ധരിക്കുന്ന ചുരിദാറിലൂടെ '96' സിനിമയിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലുക്കിനെയാണ് റഫറൻസ് ചെയ്തിരിക്കുന്നത്.
18. ആഷ്‌ലിയുടെ കോളേജ് പരിപാടിക്കിടെ ഗ്ലിക്സൺ ഓഡിറ്റോറിയത്തിൽ ഇരിക്കുന്ന രംഗത്തും 'ബണ്ണി ദി ലയൺ' എന്നതുമായി ബന്ധപ്പെട്ട റഫറൻസുണ്ട്.
19. ബൈജു ചേട്ടന്റെ ചാട്ടം: 'തുടരും' സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചാട്ടമാണ് ഈ രംഗത്തിലൂടെ ഓർമിപ്പിക്കുന്നത്.
20. ഹരിയുടെ മുഖം വിറപ്പിക്കൽ: ഹരി മുഖം വിറപ്പിക്കുന്ന രംഗം കമൽഹാസൻ നായകനായ 'നായകൻ' സിനിമയിലെ ശ്രദ്ധേയമായ രംഗത്തിന്റെ റഫറൻസാണ്.
21. ക്ലൈമാക്സിലെ കാന്താര റഫറൻസ്: ക്ലൈമാക്സ് സംഘട്ടനരംഗത്തിൽ ഹരിയുടെ 'കാന്താര' സിനിമയുടെ റഫറൻസ്
ഒടിടി റിലീസിന് പിന്നാലെ ഇത്തരം റഫറൻസുകൾ വീണ്ടും ചർച്ചയാകുന്നത് ചിത്രത്തിലെ സൂക്ഷ്മമായ അവതരണങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുകയാണ്. എന്നാല്‍ ഇനിയും ചിത്രത്തിലെ റഫറന്‍സുകള്‍ കണ്ടെത്താനുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.