ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ട സമയത്തും കല്യാണ്‍ കുടുംബം തനിക്കൊപ്പം നിന്ന അനുഭവം പങ്കുവച്ച് നിവിന്‍ പോളി. തനിക്കെതിരെ ആരോപണം വന്ന സമയത്തും കല്യാണിന്‍റെ പരിപാടിക്ക് കല്യാണ്‍ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ രമേശ് കല്യാണ്‍ വിളിച്ചുവെന്നും ഒപ്പമുണ്ടെന്ന് പറഞ്ഞുവെന്നും നിവിന്‍ ഓര്‍ത്തെടുത്തു. കോഴിക്കോട്ട് വച്ച് നടന്ന കല്യാണ്‍ ഹോംസ് ലെഗസിയുടെ താക്കോല്‍ ദാന ചടങ്ങിലാണ് നിവിന്‍ അനുഭവം പങ്കിട്ടത്.
'ഒന്ന് രണ്ട് വർഷങ്ങൾക്കു മുൻപ് എനിക്കെതിരെ ഒരു ആരോപണം ഉണ്ടായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു, അന്ന് രാത്രി നടക്കുന്ന പരിപാടിയിൽ രമേശ്ജി രാത്രി വിളിച്ചിട്ട് വരാൻ പറഞ്ഞു, 'ഞാന്‍ വരുന്നില്ല. ഇങ്ങനെ ഒരു ഇഷ്യൂ നടക്കല്ലേ, അപ്പോൾ ഞാൻ വന്നാൽ ശരിയാവില്ല,' എന്ന് ഞാന്‍ പറഞ്ഞു. എന്തായാലും വന്നേ പറ്റൂ എന്ന് അവര്‍ എന്നെ നിർബന്ധിച്ചു. ആ രാത്രി ഞാൻ പോയി.
അവിടെ ചെന്നപ്പോള്‍ ചോദിച്ചു, 'എന്നെ വിളിച്ചത് എന്തിനാണ്? എന്നെ വിളിക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ, ഇങ്ങനെ ഒരു സിറ്റുവേഷൻ നിൽക്കുവല്ലേ'. കല്യാൺ കൂടെ ഉണ്ട് എന്നാണ് എന്നോട് പറഞ്ഞത്. കാരണം നിങ്ങൾ ഒരു പ്രശ്നത്തിൽ നിൽക്കുമ്പോൾ മാറിനിൽക്കുന്നവർ അല്ല, കൂടെ ഉണ്ട് എന്ന് പറഞ്ഞു. എല്ലാവരും അങ്ങനെ ചെയ്യണം എന്നില്ലല്ലോ.
അത് വളരെ പേർസണൽ ആയി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യമാണ്. നമുക്ക് ഒരു പ്രശ്നം വരുമ്പോൾ ആരൊക്കെയാണ് കൂടെ നിൽക്കുന്നത് എന്നതാണല്ലോ ഏറ്റവും വലിയ കാര്യം. അങ്ങനെ എനിക്ക് കിട്ടിയ വലിയൊരു അനുഭവമായിരുന്നു കല്യാൺ ഫാമിലിയിൽ നിന്ന്,' നിവിന്‍ പറഞ്ഞു.
കല്യാണ്‍ ഹോംസ് ബ്രാന്‍ഡ് അംബാസിഡറായ നിവിന്‍ 62 കുടുംബങ്ങള്‍ക്കുള്ള താക്കോലാണ് കൈമാറിയത്. കല്യാണ്‍ ഹോംസിന്‍റെ കേരളത്തിലെ 18–ാമത്തെയും കോഴിക്കോട്ടെ രണ്ടാമത്തേയും പ്രോജക്ടാണ് ചാലപ്പുറത്തേത്. കല്യാണുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.